നവീകരണം പൂർത്തിയായി; വലിയതുറ പാലം ഇനി മിന്നിത്തിളങ്ങും

ശക്തമായ കടലേറ്റത്തിൽ തകർന്ന് കരയുമായുള്ള ബന്ധം വേർപ്പെട്ട വലിയതുറ പാലത്തിനെ കരയുമായി വീണ്ടും ബന്ധിപ്പിച്ചു. അറ്റകുറ്റപ്പണികൾ നടത്തി നവീകരിച്ച പാലം ഇനി സായാഹ്നങ്ങളിൽ മിന്നിത്തിളങ്ങും. പാലത്തിന്റെ കവാടം മുതൽ അവസാനംവരെയുള്ള ഇരുവശത്തെയും കൈവരികളിൽ ശംഖുംമുഖം മാതൃകയിൽ വൈദ്യുതവിളക്കുകളും വർണവെളിച്ചം തൂകുന്ന എൽ.ഇ.ഡി. ബൾബുകളും സ്ഥാപിക്കും.

 

പാലത്തിന്റെ മധ്യഭാഗത്തുള്ള കെട്ടിടത്തിൽ കഫറ്റേരിയയാക്കി മാറ്റാനും തീരുമാനമുണ്ടെന്ന് തുറമുഖ വകുപ്പ് അധികൃതർ പറഞ്ഞു. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനാണ് കഫറ്റേരിയ തുടങ്ങുന്നത്. തുറമുഖ വകുപ്പിന്റെ നേതൃത്വത്തിൽ തുറമുഖ എൻജിനീയറിങ് വിഭാഗമാണ് പണികൾ പൂർത്തിയാക്കിയത്.

 

ചരിത്രപ്രാധ്യന്യമുള്ള പാലത്തിന്റെ ചരിത്രം ഉൾക്കൊള്ളിച്ചുള്ള ഡിസ്‌പ്ളേ ബോർഡും ഇവിടെ സ്ഥാപിക്കുമെന്ന് തുറമുഖ അധികൃതർ അറിയിച്ചു. പാലത്തിന്റെ ഇരുവശങ്ങളിലും അലങ്കാര വൈദ്യുതവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കിയതായി തുറമുഖ എൻജിനീയറിങ് വകുപ്പിന്റെ ഇലക്ട്രിക് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ രഞ്ജിത് കെ.എസ്. പറഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ വൈദ്യുതവിളക്കുകൾ സ്ഥാപിക്കുന്ന പ്രവർത്തനൾ തുടങ്ങും.

 

പാലത്തിന്റെ കവാടവും തൊട്ടടുത്തഭാഗവും ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്. പാലത്തിന്റെ മുന്നിലുണ്ടായിരുന്നതും 60 വർഷത്തോളം പഴക്കമുള്ളതുമായ മതിലും അതിനോടു ചേർന്നുള്ള ഭൗമശാസ്ത്ര കേന്ദ്രത്തിന്റെ കെട്ടിടവും കടലേറ്റത്തിൽ തകർന്നിരുന്നു. ഈ ഭാഗത്ത് ഇപ്പോൾ നാല് ടൺ ഭാരവും 1.8 മീറ്ററോളം നീളവുമുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ അടുക്കി തറനിരപ്പിൽനിന്ന് 20 അടിയോളം ഉയരത്തിൽ മതിൽ കെട്ടിയിട്ടുണ്ട്.

 

സന്ദർശകരെ ആകർഷിക്കുന്നിതിനായി തുറമുഖ കാര്യാലയത്തിലും പാലത്തിന്റെ ഒരുവശത്തും പുൽത്തകിടിയും നിർമിക്കും. ഓണത്തിനു മുമ്പ് പണികളെല്ലാം പൂർത്തിയാക്കി സന്ദർശകർക്കു പാലം തുറന്നുകൊടുക്കാനാണ് പദ്ധതി. തുറമുഖ പാലത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണവുമുണ്ടാകുമെന്ന് തുറമുഖ വകുപ്പ് അധികൃതർ അറിയിച്ചു.

 

രണ്ടുവർഷത്തിനിടെ പലതവണയുണ്ടായ കടലേറ്റത്തിലാണ് പാലത്തിന്റെ കവാടത്തോടു ചേർന്നുള്ള മതിലുകളും ബാക്കി ഭാഗങ്ങളും തകർന്നുപോയതെന്ന് തുറമുഖ വകുപ്പ് എൻജിനീയറിങ് സൂപ്രണ്ടിങ് എൻജിനീയർ എസ്.അനിൽകുമാർ പറഞ്ഞു. ഇപ്പോൾ നടത്തിയ നിർമാണങ്ങൾക്കുപുറമേ പാലത്തിന്റെ ഒരുവശത്തുള്ള മതിലും പുനർനിർമിക്കും. ഇതിനുള്ള നടപടികളെല്ലാം പൂർത്തിയായിവരുന്നതായും അദ്ദേഹം പറഞ്ഞു.
Comments

COMMENTS

error: Content is protected !!