CRIME

നാദാപുരത്ത് റാഗിങ്ങിൽ വിദ്യാർത്ഥിയുടെ കർണപുടം തകർന്നതായി പരാതി

നാദാപുരത്ത് റാഗിങ്ങിൽ വിദ്യാർത്ഥിയുടെ കർണപുടം തകർന്നതായി പരാതി. നാദാപുരം എം ഇ ടി കോളേജിലെ ഒന്നാം വർഷ ബി കോം വിദ്യാർത്ഥി നിഹാൽ ആണ് ആക്രമണത്തിന് ഇരയായത്.  നിഹാൽ ഹമീദിന്‍റെ കർണപുടമാണ് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ തകർന്നത്. രക്ഷിതാക്കൾ നാദാപുരം പൊലീസിൽ പരാതി നൽകി.

ഇക്കഴിഞ്ഞ  26നാണ് വിദ്യാര്‍ത്ഥിക്ക് നേരെ വസ്ത്രധാരണത്തെ ചൊല്ലി സീനിയർ വിദ്യാർത്ഥികൾ ഭീഷണി മുഴക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്ന് നിഹാൽ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുകുട്ടികൾക്കും മർദ്ദനമേറ്റു. നിഹാലിന്‍റെ ഇടത് ചെവിയിലെ കർണപുടം തകർന്നു. പതിനഞ്ചംഗ സീനിയർ വിദ്യാർത്ഥികളാണ് മർദ്ദിച്ചതെന്ന് നിഹാൽ വിശദീകരിച്ചു.

പരിക്കേറ്റ നിഹാൽ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയിരിക്കുകയാണ്. കേൾവിശക്തി വീണ്ടെടുക്കാൻ ശസ്ത്രക്രിയക്ക് റഫർ ചെയ്തിട്ടുണ്ട്. റാഗിംഗ് പരാതി ശ്രദ്ധയിൽപ്പെട്ടയുടനെ എട്ട് വിദ്യാർത്ഥികളെ സസ്പെന്‍റ് ചെയ്തെന്നും നാദാപുരം പൊലീസിനെ വിവരമറിയിച്ചെന്നും കോളേജ് അധികൃതര്‍ വിശദീകരിച്ചു.

ഇത്തരം വിഷയങ്ങളിൽ കർശന നടപടിക്കൊരുങ്ങുമ്പോൾ ഇരുകൂട്ടരും രമ്യതയിലെത്തി പരാതി പിൻവലിക്കുന്ന പതിവുണ്ടെന്ന് പ്രിൻസിപ്പൽ പ്രൊഫ: ബദറുദ്ധീൻ റാവുത്തർ അറിയിച്ചു. നാലുമാസത്തിനിടെ സമാന രീതിയിൽ അഞ്ച് സംഭവമുണ്ടായിട്ടും കോളേജ് അധികൃതർ ഗൗരവത്തോടെ സമീപിക്കുന്നില്ലെന്ന് രക്ഷിതാക്കൾ പരാതി ഉന്നയിച്ചിട്ടുണ്ട്. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button