സിവിക് ചന്ദ്രന്‍ കേസില്‍ പരാതി നിലനില്‍ക്കില്ലെന്ന് കോടതി

കോഴിക്കോട്: എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം കാണിച്ചുവെന്ന  കേസിൽ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്ന് കോടതി.  ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്ന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി വ്യക്തമാക്കി.

കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന  കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശമുള്ളത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ്  നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.  ജാമ്യാപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച ഫോട്ടോകളില്‍ ഇരയുടെ വസ്ത്രധാരണ രീതി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാണെന്നും പരാതിക്കാരിയെ ബലം പ്രയോഗിച്ച് മടിയിലിരുത്തി മാറിടം അമര്‍ത്താന്‍ എഴുപത്തിനാല് വയസ്സുള്ള അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കുക പ്രയാസമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. 354 എ പ്രകാരം കേസ് എടുക്കണമെങ്കിൽ ഒരു സ്ത്രീയുടെ മാന്യതയ്ക്കും അന്തസ്സിനും ഭം​ഗം വരുത്തിയെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഉണ്ടായിരിക്കണം എന്നും കോടതി വ്യക്തമാക്കി.

2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ലൈഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി. ഏപ്രിലില്‍ പുസ്തകപ്രസാധനത്തിന് കൊയിലാണ്ടിക്ക് സമീപം നന്തിയില്‍ ഒത്തുകൂടിയപ്പോള്‍ ലൈംഗികമായി അതിക്രമിച്ചെന്ന് കാണിച്ച് മറ്റൊരു എഴുത്തുകാരിയും സിവിക് ചന്ദ്രന് എതിരെ പരാതി നല്‍കിയിരുന്നു. ഈ രണ്ട് കേസിലും സിവിക് ചന്ദ്രന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!