KERALA

നാലുദിവസം പ്രായമായ കുഞ്ഞിന് ചികിത്സ നിഷേധിച്ച് ഡോക്ടര്‍മാര്‍; മൂന്നുമണിക്കൂറിന് ശേഷം ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നാലുദിവസം പ്രായമുള്ള കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. ശ്വാസതടസം അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചതാണ് മരണത്തിനിടയാക്കിയത്. ബറേലിയിലെ ആശുപത്രിയില്‍ മൂന്നുമണിക്കൂറോളമാണ് കുഞ്ഞിന് ചികിത്സ ലഭ്യമാക്കാന്‍ മാതാപിതാക്കള്‍ കാത്തിരുന്നത്.

 

കഴിഞ്ഞദിവസം ബറേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ദാരുണമായ സംഭവം. ശ്വാസതടസം അനുഭവപ്പെട്ട നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞുമായി രാവിലെയാണ് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയത്. പുരുഷന്മാരുടെ ആശുപത്രിയിലാണ് ആദ്യം കുഞ്ഞിനെ എത്തിച്ചതെങ്കിലും ഡോക്ടര്‍മാര്‍ പരിശോധിച്ചില്ല. കുഞ്ഞിനെ തൊട്ടടുത്തുള്ള സ്ത്രീകളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് മാതാപിതാക്കള്‍ കുഞ്ഞിനെ സ്ത്രീകളുടെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയും ചികിത്സ ലഭിച്ചില്ല.

 

ആശുപത്രിയില്‍ കിടക്ക ഒഴിവില്ലെന്നും ചികിത്സിക്കാന്‍ സ്ഥലമില്ലെന്നും പറഞ്ഞാണ് ഡോക്ടര്‍മാര്‍ ഇവരെ മടക്കിയത്. കുഞ്ഞിനെ പുരുഷന്മാരുടെ ആശുപത്രിയിലേക്ക് തിരികെകൊണ്ടുപോകാനായിരുന്നു നിര്‍ദേശം. ഇതിനകം മൂന്നുമണിക്കൂറോളം ആശുപത്രിയില്‍ വട്ടംചുറ്റിയ മാതാപിതാക്കള്‍ കുഞ്ഞിനെ തിരികെ കൊണ്ടുപോകാന്‍ തീരുമാനിച്ചു. എന്നാല്‍ ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങുമ്പോഴേക്കും കുഞ്ഞ് മരണപ്പെടുകയായിരുന്നു.

 

മൂന്നുമണിക്കൂറോളമാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ വട്ടംകറക്കിയതെന്നും ഡോക്ടര്‍മാരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഇതിനിടെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍ നല്‍കിയ കുറിപ്പടിയും പുറത്തുവന്നു. ഇരു ആശുപത്രികളില്‍നിന്നും കുഞ്ഞിന് ചികിത്സ ലഭിച്ചില്ലെന്ന് വ്യക്തമായതോടെ രണ്ട് ആശുപത്രികളിലെയും മെഡിക്കല്‍ സൂപ്രണ്ടുമാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പുരുഷന്മാരുടെ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തതായും സ്ത്രീകളുടെ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിനെതിരെ വകുപ്പുതല നടപടിക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button