വിലക്ക് ലംഘിച്ച് കെ വി തോമസ് കണ്ണൂരിൽ; ഇനി പുതിയ ലാവണം, പുതിയ ഭാഷ, പുതിയ കൊടി

 


കൊച്ചി: പാർട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺ​ഗ്രസിൻ്റെ ഭാ​ഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ വി തോമസ് പ്രസ്താവിച്ചു. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് ഒന്നിച്ചു പ്രവ‍ർത്തിക്കണമെന്നും സി പി എം തന്നെ ക്ഷണിച്ചത് അവരുടെ പാർട്ടിയിൽ ചേരാനല്ലെന്നും എം കെ സ്റ്റാലിനൊപ്പം സെമിനാറിൽ പങ്കെടുക്കാൻ ആണെന്നും കെ വി തോമസ് പറഞ്ഞു.

ഒരു മനുഷ്യനെ അപമാനിക്കാവുന്നതിൻ്റെ പരമാവധി തന്നെ അപമാനിച്ചു. ഇനിയും അതിനു നിന്നു കൊടുക്കാൻ വയ്യ .2018 ന് ശേഷം എനിക്ക് രാഹുൽ ഗാന്ധിയെ കാണാൻ അനുവാദം കിട്ടിയില്ല. പ്രധാനമന്ത്രിയെ കണ്ടാൽ എന്നെ ബിജെപിയായും യെച്ചൂരിയെ കണ്ടാൽ സി പി എമ്മായും ചിത്രീകരിക്കുന്ന അവസ്ഥയാണ് – പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാൻ തന്നെ കെവി തോമസ് തീരുമാനിച്ചതായി അദ്ദേഹത്തിന്റെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.
ഏഴുതവണ എം പി സ്ഥാനവും മന്ത്രി പദവിയുമൊക്കെ കോൺഗ്രസ്സ് ടിക്കറ്റിൽ ലഭിച്ച കെ വി തോമസ് കഴിഞ്ഞ ഏതാനും വർഷങ്ങളായി പാർലമെന്ററി സ്ഥാനങ്ങൾ ലഭിക്കാതെ വിഷണ്ണനായിരുന്നു. ബി ജെ പി യിൽ ചേരുമെന്ന അഭ്യൂഹം പരന്നതിനെ തുടർന്ന് സോണിയ നേരിട്ടിടപെട്ട് കോൺഗ്രസ്സ് വർക്കിംഗ് പ്രസിഡണ്ട് പദവി നൽകി അനുനയിപ്പിച്ചിരുന്നു. പക്ഷേ അതിലൊന്നും സംതൃപ്തിയടയാതെ രാജ്യസഭാസീറ്റ് തരപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെട്ടതോടെ സി പി എമ്മുമായി അടുക്കാൻ നീക്കങ്ങൾ നടത്തി വരികയായിരുന്നു അദ്ദേഹം. ദില്ലിയിൽ ചെന്ന് സീതാറാം യെച്ചൂരിയെ വരെ അദ്ദേഹം കാണുകയുണ്ടായി. അതിനിടയിലാണ് പാർട്ടി കോൺഗ്രസ്സിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ സി പി എമ്മിൽ നിന്ന് ക്ഷണം ലഭിച്ചത്. ഇതൊരവസരമായി ഉപയോഗിക്കാനായിരുന്നു പിന്നീട് കെ വി തോമസിന്റെ നീക്കം. സി പി എം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കുന്നവരാരും കോൺഗ്രസ്സ് പാർട്ടിയുലുണ്ടാവില്ലെന്ന കെ പി സി സി പ്രസിഡണ്ട് സുധാകരന്റെ അന്ത്യശാസനം അവഗണിച്ചാണിപ്പോൾ സെമിനാറിൽ പങ്കെടുക്കാൻ അദ്ദേഹം തീരുമാനിച്ചത്.
എ ഐ സി സി നേതൃത്വവും കേരളത്തിൽ ഗ്രൂപ്പുകൾക്കതീതമായി എല്ലാ നേതാക്കളും സെമിനാറിന് പങ്കെടുക്കുന്നത് വിലക്കിയിരുന്നെങ്കിലും അദ്ദേഹം പോകാൻ തന്നെ തീരുമാനിച്ചു. കോൺഗ്രസ്സിൽ നിന്ന് സെമിനാറിന് ക്ഷണിക്കപ്പെട്ട മറ്റൊരു വിവാദ നേതാവ് ശശീ തരൂർ എം പി ആയിരുന്നു. എ ഐ സി സി വിലക്കിയതോടെ അദ്ദേഹം സി പി എം സെമിനാറിനില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഏതാനും വർഷമായി കയ്യാലപ്പുറത്തിരിക്കുന്ന കെ വി തോമസ് സി പി എമ്മിലേക്കെന്ന് ഏറെക്കുറെ ഉറപ്പായി. കോൺഗ്രസ്സിൽ നിന്ന് പുറത്താക്കിയതായുള്ള കെ പി സി സി യുടെ അറിയിപ്പ് മാത്രമേ ഇനി വരാനുള്ളൂ.

Comments

COMMENTS

error: Content is protected !!