നാല്പത്തിരണ്ട് ലക്ഷം കുട്ടികൾ ഇന്ന് വിദ്യാലയങ്ങളിലേക്ക്; സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനം ഇന്ന് പുതിയതും സമ്പൂര്‍ണവുമായ അധ്യയന വര്‍ഷത്തിലേക്ക് കടക്കുകയാണ്. കുട്ടികളുടെ സുരക്ഷയെക്കുറിച്ച്‌ ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യ വകുപ്പുമായി സഹകരിച്ച്‌ സ്കൂളുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുനതിനുളള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വാക്സിന്‍ എടുക്കാത്ത കുട്ടികള്‍ക്ക് എത്രയും വേഗം വാക്സിന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് മുറിച്ചുകടക്കുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി പ്രത്യേക ട്രാഫിക് പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പുതിയ ടൈംടേബിളില്‍ ഓണ്‍ലൈന്‍ പഠനം ഈ വർഷവും തുടരുമെന്നും മന്ത്രി അറിയിച്ചു. അക്കാദമിക മികവ് പുലർത്തുന്നതിന് ഈ അധ്യയന വര്‍ഷം പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും ശിവന്‍കുട്ടി പറഞ്ഞു. സ്കൂളുകളിലെ സൗകര്യങ്ങള്‍ ഏറ്റവും മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് ലോക്ക്ഡൗണിനും നിയന്ത്രണങ്ങള്‍ക്കും ശേഷം ഇതാദ്യമായാണ് സംസ്ഥാനം ഒരു സമ്പൂര്‍ണ്ണ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നത്.

ഇന്ന് 42 ലക്ഷം വിദ്യാര്‍ത്ഥികളാണ് വിവിധ സ്കൂളുകളില്‍ പഠിക്കാനെത്തുന്നത്. ഏകദേശം നാല് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഒന്നാം ക്ലാസില്‍ ചേരുമെന്നാണ് കണക്ക്. രണ്ട് വര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന സ്കൂള്‍ കായിക, ശാസ്ത്രമേളകള്‍, കലോല്‍സവങ്ങള്‍ എന്നിവ ഈ വര്‍ഷം പുനരാരംഭിക്കും. പാഠപുസ്തകങ്ങളുടെയും യൂണിഫോമിന്‍റെയും വിതരണത്തിന്‍റെ 90 ശതമാനവും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധനകള്‍ എല്ലായിടത്തും പൂര്‍ത്തിയായിട്ടില്ല. കർശനമായ പരിശോധന തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

 

Comments

COMMENTS

error: Content is protected !!