കേരളത്തിന്റെ അനുഗ്രഹമായ തിരുവാതിര ഞാറ്റുവേല നാളെ; മഴ പെയ്യില്ലേ? ആശങ്ക

പാലക്കാട് ∙ നാട്ടറിവനുസരിച്ച് 22ന് പകൽ പതിനൊന്നിനാണു കേരളത്തിന്റെ അനുഗ്രഹമായി വിശേഷിപ്പിക്കപ്പെടുന്ന തിരുവാതിര ഞാറ്റുവേലയുടെ ആരംഭം. 23 മുതൽ ശക്തമായ മഴയുണ്ടാകുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെയും പ്രാഥമിക നിഗമനം. മേടം മുതൽ മീനം വരെ 12 മാസങ്ങളിലായി 27 ഞാറ്റുവേലകളുണ്ട്. അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. ഓരോ ഞാറ്റുവേലയും 13-14 ദിവസമാണ്. എന്നാൽ, തിരുവാതിര ഞാറ്റുവേലയുടെ ദൈർഘ്യം 15 ദിവസമാണ്.

കാർമേഘങ്ങൾ ‌‌‌പെയ്യാതെ പേ‍ാകുന്നു; പ്രതീക്ഷ ഇനി ന്യൂനമർദത്തിൽ; മഴയ്ക്കായി കാത്തിരിപ്പ്

മകയിരം ഞാറ്റുവേലയിലെ മതിമറന്ന മഴ പഴഞ്ചെ‍ാല്ലിൽ ഒതുങ്ങി. മകയിരത്തിന്റെ തുടക്കത്തിൽകിട്ടിയ കനത്തമഴ വായു ചുഴലിക്കാറ്റിന്റെ ശക്തിയിൽ ഇല്ലാതായി. കാലവർഷക്കാറ്റിനെ സ്വാധീനിച്ച വായു ഏതാണ്ട് അവസാനിച്ചെങ്കിലും അത് അന്തരീക്ഷത്തിലുണ്ടാക്കിയ തടസ്സങ്ങൾ മാറുന്നതേയുള്ളൂ. മുൻപില്ലാത്തവിധം ചെന്നൈ നഗരം അനുഭവിക്കുന്ന വരൾച്ചയിലും വായുവിനു പങ്കുണ്ടെന്നാണു വിലയിരുത്തൽ. സാധാരണ രണ്ടാഴ്ച മുൻപെങ്കിലും അവിടെ മഴ ആരംഭിക്കേണ്ടതാണെങ്കിലും കാറ്റ് ദിശതെറ്റിയെന്നാണു കരുതുന്നത്.

 

ഭീഷണി ഉയർത്തി അതിവേഗം കടന്നുപേ‍ായ വായു മഴയെ തളർത്തി. മഴ സംബന്ധിച്ചു തുടക്കം മുതലുള്ള നിഗമനങ്ങൾ ഫലം കണ്ടില്ല. ഇടവപ്പാതിയിലും ഒറ്റമഴയും കനത്ത മിന്നലും ഇടിയുമായാണു പലയിടത്തും അനുഭവപ്പെടുന്നത്. കാർമേഘങ്ങൾ ഇരുണ്ടുകൂടി മഴ പെ‍ാട്ടിവീഴുമെന്ന പ്രതീതിയുണ്ടാക്കി, പിന്നീട് ഇല്ലാതാകുന്നതിനു കാരണമെന്തെന്നു വ്യക്തമായിട്ടില്ല. കാലവർഷമല്ല എന്നാൽ വേനൽമഴയുമല്ലെന്ന സ്ഥിതിയാണ് ഇപ്പേ‍ാഴെന്നു കുസാറ്റ് റഡാർ ഗവേഷണകേന്ദ്രം ഗവേഷകൻ ഡേ‍ാ. എം.ജി.മനേ‍ാജ് പറഞ്ഞു.

 

കാർമേഘങ്ങൾ വ്യാപിക്കുന്നില്ലെന്നതാണു പ്രശ്നം. അതേസമയം ചില പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കുന്നുമുണ്ട്. ജൂൺ ഒന്നുമുതൽ തെക്കൻ മേഖലയിൽ ആരംഭിച്ച മഴ, പിന്നീട് വടക്കേ‍ാട്ടു മാറി. വടക്കൻ പ്രദേശങ്ങളിൽ ഇപ്പേ‍ാഴും അത്യാവശ്യം മഴയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപംകെ‍ാള്ളുന്ന ന്യൂനമർദം ശക്തിപ്പെടുകയേ‍ാ അറബിക്കടൽ തീരത്ത് പുതിയ മർദം ഉണ്ടാവുകയോ ചെയ്താൽ മഴ വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. തിരുവാതിര ഞാറ്റുവേലയിലാണു കർഷകരുടെയും പ്രതീക്ഷ.‌
Comments

COMMENTS

error: Content is protected !!