‘നിങ്ങള്‍ തീകൊണ്ടാണ് കളിക്കുന്നത്’ അനുവദനീയമായ അളവില്‍ കൂടുതല്‍ യുറേനിയമുണ്ടെന്ന് ഇറാന്‍ അവകാശവാദത്തിനു പിന്നാലെ ട്രംപിന്റെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: അനുവദനീയമായ അളവില്‍ കൂടുതല്‍ സമ്പുഷ്ട യുറേനിയം ശേഖരിച്ചുവച്ചിട്ടുണ്ടെന്ന ഇറാന്റെ പ്രഖ്യാപനത്തിനു പിന്നാലെ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ തീക്കൊണ്ടാണ് കളിക്കുന്നതെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

 

2015ല്‍ ലോകശക്തികളുമായുണ്ടാക്കിയ ആണവകരാര്‍ പ്രകാരം അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ യുറേനിയം സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇറാന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. അമേരിക്കന്‍ ആണവ കരാറില്‍ നിന്നും പുറത്താക്കിയതിനുശേഷം കരാറിനെതിരെ ഇറാന്‍ നടത്തുന്ന ആദ്യ പ്രഖ്യാപനമാണിത്.
യു.എസ് ഉപരോധത്തോട് പ്രതികരിക്കാനുള്ള അവകാശം വിനിയോഗിക്കുക മാത്രമാണ് ഇറാന്‍ ചെയ്തിരിക്കുന്നതെന്നും നീക്കം കരാറിന്റെ ലംഘനമല്ലെന്നുമാണ് ഇറാനിയന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ് പറഞ്ഞത്.
യുദ്ധത്തിലേക്ക് പോകുന്നതില്‍ നിന്നും ഇറാനേയും യു.എസിനേയും പിന്തിരിപ്പിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്ന വേളയില്‍ ഇറാന്റെ ഈ നീക്കം നയതന്ത്രതലത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇറാനെതിരെ വ്യോമാക്രമണത്തിലൂടെ തിരിച്ചടിക്കാന്‍ ട്രംപ് നിര്‍ദേശം നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇറാന്‍ യുറേനിയവുമായി ബന്ധപ്പെട്ട അവകാശവാദം നടത്തിയിരിക്കുന്നത്.

 

Comments

COMMENTS

error: Content is protected !!