ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി അന്തരിച്ചു

കയ്റോ: വിചാരണയ്ക്കിടെ കോടതിമുറിയിൽ കുഴഞ്ഞുവീണ ഈജിപ്ത് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി (67) ആശുപത്രിയിൽ മരിച്ചു. ജഡ്‌ജിയോട് 20 മിനിറ്റ് സംസാരിച്ച മുർസി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

നിരോധിത സംഘടനയായ മുസ്‌ലിം ബ്രദർഹുഡിന്റെ മുൻ നേതാവായ അദ്ദേഹം ചാരവൃത്തിക്കേസിലാണ് വിചാരണ നേരിട്ടിരുന്നത്.

 

ജനാധിപത്യരിതീയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഈജിപ്ഷ്യൻ പ്രസിഡന്റാണ് മുർസി. 2011-ലെ ജനാധിപത്യപ്രക്ഷോഭത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലാണ് മുർസി അധികാരത്തിലേറിയത്. അന്ന് നിയമസാധുതയുണ്ടായിരുന്ന മുസ്‌ലിം ബ്രദർഹുഡിന്റെ സ്ഥാനാർഥിയായിരുന്നു അദ്ദേഹം. 2012-ൽ പ്രസിഡന്റായ അദ്ദേഹത്തെ കൃത്യം ഒരുവർഷത്തിനുശേഷം സൈന്യം അട്ടിമറിച്ചു.

 

ഇറാൻ, ഖത്തർ, ഗാസയിലെ ഹമാസ് തുടങ്ങിയവയെ നിരീക്ഷിക്കാൻ ചരവൃത്തി നടത്തി എന്നതുൾപ്പെടെയുള്ള കേസുകൾചുമത്തി അദ്ദേഹത്തെ ജയിലിലടച്ചു. ഭീകരപ്രവർത്തനത്തിന് ആലോചന നടത്തിയെന്ന കുറ്റവും നേരിടുന്നുണ്ട്.

 

ഇദ്ദേഹത്തിന്റെ പ്രതിരോധമന്ത്രിയായിരുന്ന അബ്ദുൾ ഫത്ത അൽ സിസിയാണ് പിൻഗാമിയായി അധികാരത്തിലേറിയത്. പിന്നാലെ മുസ്‌ലിം ബ്രദർഹുഡിനെ നിരോധിച്ചു.

 

1951-ൽ നൈൽ നദീതീരത്തെ ഇൽ-അദ്വയിൽ ജനിച്ച മുർസി, കയ്റോ സർവകലാശാലയിൽനിന്ന് എൻജിനീയറിങ് ബിരുദവും യു.എസിൽനിന്ന് പിഎച്ച്‌.ഡിയും നേടിയിട്ടുണ്ട്.
Comments

COMMENTS

error: Content is protected !!