നിപ സംശയം; കോഴിക്കോട് മാസ്ക് നിര്‍ബന്ധമാക്കി
കോഴിക്കോട് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കി. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലയില്‍ അസ്വാഭാവികമായ പനിമൂലം രണ്ടുപേര്‍ മരിച്ചത്. മരിച്ച ഒരാളുടെ നാല് ബന്ധുക്കള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രിയില്‍വച്ചാണ് ഇവര്‍ മരിക്കുന്നത്. തുടര്‍ന്ന് മരിച്ചയാളുകളുടെ സ്രവങ്ങള്‍ പൂനെ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. മരിച്ചവരുടെ പേര് വിവരങ്ങള്‍ ആരോഗ്യമന്ത്രി പുറത്തുവിട്ടിട്ടില്ല.
സമ്പര്‍ക്കപ്പട്ടികയില്‍ ഇതുവരെ 75 പേരാണ് ഉള്ളത്. ആശുപത്രി അധികൃതര്‍ സംശയം പ്രകടിപ്പിച്ചതിനുപിന്നാലെ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. ലക്ഷണമുള്ളവരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു. പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
സ്രവസാമ്പിളുകളുടെ പരിശോധനാ ഫലം പുണെയില്‍ നിന്ന് ഇന്ന് വൈകീട്ടെത്തുമെന്നും ഈ ഘട്ടത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്കി.വവ്വാല്, കാട്ടുപന്നി എന്നിവയാണ് നിപ വൈറസിന്റെ വാഹകരെന്നതിനാല്‍ ഇവയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്ന് വെറ്റിനറി ഓഫിസര്‍ ഡോ കെ ബി ജിതേന്ദ്രകുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.