KERALA
നിര്‍ധന രോഗികള്‍ക്ക് ആശ്വാസം: കാരുണ്യ പദ്ധതിയുടെ കാലാവധി നീട്ടി ഉത്തരവിറങ്ങി
നിലവില്‍ കാരുണ്യ ബനവലന്റ് സ്‌കീമില്‍ ചികിത്സയ്ക്ക് അര്‍ഹതയുള്ള ആരുടേയും സൗജന്യ ചികിത്സ മുടങ്ങില്ലെന്നും ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതായും ആരോഗ്യമന്ത്രി കെ കൈ ശൈലജ ടീച്ചര്‍ പറഞ്ഞു.
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടത്തുന്ന ഇൻഷുറന്‍സ് പദ്ധതി വന്നതിനെ തുടര്‍ന്ന് മരവിപ്പിച്ച കാരുണ്യ പദ്ധതിയുടെ രജിസ്ട്രേഷന്‍ നീട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ കാരുണ്യ ബനവലന്റ് സ്‌കീമില്‍ ചികിത്സയ്ക്ക് അര്‍ഹതയുള്ള ആരുടേയും സൗജന്യ ചികിത്സ മുടങ്ങില്ലെന്നും ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതായും ആരോഗ്യമന്ത്രി കെ കൈ ശൈലജ ടീച്ചര്‍ പറഞ്ഞു.
കാരുണ്യ പദ്ധതിയില്‍ ചേരാനുള്ള സമയപരിധി ജൂണ്‍ 31 വരെയാക്കി നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതോടെ ആശുപത്രിയില്‍ കിടത്തി ചികിത്സ തേടാത്ത നിര്‍ധന രോഗികളുടെ ചികിത്സ മുടങ്ങി. ഇത് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. ഇതോടെയാണ് കാരുണ്യ പദ്ധതിയുടെ രജിസ്ട്രേഷന്‍ 2020 മാര്‍ച്ച് 31 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവിട്ടത്.
കാരുണ്യ പദ്ധതി തുലാസിലായതോടെ രോഗികളുടെ ചികിത്സ മുടങ്ങിയ സംഭവം ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ വാര്‍ത്തയാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ആയുഷ് മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയും കേരള സര്‍ക്കാരിന്‍റെ ആരോഗ്യപദ്ധതിയും ചേര്‍ത്ത് ”ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യസുരക്ഷാ” ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് നിലവിലുള്ളത്.
കിടത്തി ചികിത്സയിലുള്ള രോഗികള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സാസഹായം കിട്ടുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. പുതിയ ചികിത്സാ പദ്ധതി വന്നതോടെയാണ് കാരുണ്യ ചികിത്സ സഹായ പദ്ധതിയുടെ രജിസ്ട്രേഷൻ ജൂണ്‍ മുപ്പതിന് സര്‍ക്കാര്‍ അവസാനിപ്പിച്ചത്. എന്നാല്‍ വലിയ പ്രശ്നങ്ങളാണ് ഇതുമൂലം രോഗികള്‍ നേരിട്ടത്. ആശുപത്രിയില്‍ അഡ്മിറ്റ് ആവാതെ ഡയാലിസസും കീമോതെറാപ്പിയും ചെയ്യുന്നവര്‍ക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. ഇത് വലിയ പ്രതിഷേധം സൃഷ്ടിച്ചു. ആര്‍സിസിയും ശ്രീചിത്രയും അടക്കമുള്ള ആശുപത്രികള്‍ വരെ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന അവസ്ഥയുണ്ടായി.
ആഴ്ചയില്‍ മൂന്നും നാലും തവണ ഡയാലിസസ് ചെയ്യുന്ന രോഗികളും ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിയും റേഡിയേഷനും ചെയ്യുന്ന രോഗികളും അവയവ മാറ്റമടക്കമുള്ള ശസ്ത്രക്രിയകളുടെ ഭാഗമായി വില കൂടിയ മരുന്നുകള്‍ കഴിക്കുന്ന രോഗികളും പുതിയ ചികിത്സാ പദ്ധതിയില്‍ നിന്നും പുറത്തായി. നിര്‍ധന രോഗികളുടെ ചികിത്സ മുടങ്ങുന്ന അവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയതോടെ സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയായിരുന്നു.
കാരുണ്യയില്‍ അര്‍ഹതയുള്ള രോഗികള്‍ക്ക് സൗജന്യ ചികിത്സ. പുതിയ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ (കെ.എ.എസ്.പി.) അംഗങ്ങളായ എല്ലാവര്‍ക്കും കെ.എ.എസ്.പി. എംപാനല്‍ഡ് ആശുപത്രികളില്‍ നിന്നും ചികിത്സ ലഭ്യമാക്കി വരുന്നുണ്ട്. കാരുണ്യ ചികിത്സാ ധനസഹായത്തിന് അര്‍ഹതയുള്ളവര്‍ക്കും എന്നാല്‍ ആര്‍.എസ്.ബി.വൈ./കെ.എ.എസ്.പി. കാര്‍ഡില്ലാത്തവര്‍ക്കും കെ.എ.എസ്.പി. എംപാനല്‍ഡ് ആശുപത്രികളില്‍ കെ.എ.എസ്.പി. പാക്കേജിലും നിരക്കിലും ചികിത്സ ലഭ്യമാക്കുന്നതാണ്. സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റി മുഖാന്തിരമാണ് കെ.എ.എസ്.പി. എംപാനല്‍ഡ് ആശുപത്രികള്‍ക്ക് ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ച് നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Comments