നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്‌ത്രം അഴിച്ച് പരിശോധിച്ച നടപടി അപലപനീയമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്‌ത്രം അഴിച്ച് പരിശോധിച്ച നടപടി അപലപനീയമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നിരുത്തരവാദപരമായ നടപടിയാണ് ഉണ്ടായത്. പരീക്ഷാ നടത്തിപ്പിന് നിയോഗിച്ച ഏജൻസിയുടെ ഭാഗത്തുനിന്നും വൻ പിഴവാണ് ഉണ്ടായിരിക്കുന്നത്. ഇത് പരീക്ഷയെഴുതുന്ന കുട്ടികൾക്ക് മാനസികമായുണ്ടാക്കിയ പരുക്ക് പരീക്ഷയെ ബാധിക്കുമെന്ന് ഉറപ്പാണ്.

സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന്  കത്തയച്ചു. വിഷയത്തില്‍ കർശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ അതൃപ്‌തി കേന്ദ്ര മന്ത്രാലയത്തെ രേഖാമൂലം അറിയിക്കും. ഇതുപോലെ സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാവണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം വിദ്യാർത്ഥിനിയുടെ അടിവസ്‌ത്രം അഴിപ്പിച്ചെന്ന പരാതിയിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. ആയൂരിലുള്ള ഒരു കോളേജിലാണ് സംഭവം നടന്നത്. പെൺകുട്ടികളിൽ ഒരാളുടെ ശൂരനാട് സ്വദേശിയായ രക്ഷകർത്താവാണ് കൊട്ടാരക്കര ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്. എന്നാൽ ഇക്കാര്യം അറിയില്ലെന്നും നീറ്റ് സംഘം തന്നെ നിയോഗിച്ച ഒരു ഏജൻസിയ്ക്കാണ് പരീക്ഷയ്‌ക്കെത്തുന്ന കുട്ടികളെ പരിശോധിക്കാനുള്ള ചുമതലയെന്നുമാണ് കോളേജ് അധികൃതർ പറഞ്ഞത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ശബ്ദം കേട്ടതുകൊണ്ടാകാം ഇത്തരത്തിൽ പരിശോധന നടത്തിയതെന്നും അധികൃതർ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടികളെ ചോദ്യം ചെയ്യുമെന്നും ഡിവൈഎസ്‌പി പറഞ്ഞു.

Comments

COMMENTS

error: Content is protected !!