പഞ്ചായത്ത്, കോർപറേഷൻ ജനപ്രതിനിധികൾക്ക് സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിക്കാൻ സർക്കാർ അനുമതി നൽകി
പഞ്ചായത്ത്, കോർപറേഷൻ ജനപ്രതിനിധികൾക്ക് സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിക്കാൻ സർക്കാർ അനുമതി നൽകി. ഓണറേറിയം വഴി ഉള്ള വരുമാനം വർഷത്തിൽ ഒരു ലക്ഷം രൂപയിൽ കവിയരുത്, കുടുംബ വാർഷിക വരുമാനം ലക്ഷം രൂപയിൽ കൂടരുത്, പെൻഷന് ഉള്ള മറ്റ് അർഹതാ മാനദണ്ഡങ്ങൾ പാലിക്കണം എന്നീ വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. പ്രതിമാസ ഓണറേറിയമായി 8000 രൂപ വാങ്ങുന്ന പഞ്ചായത്ത് അംഗങ്ങളും 8200 രൂപ വാങ്ങുന്ന കോർപറേഷൻ അംഗങ്ങളും ഈ മാനദണ്ഡമനുസരിച്ച് പെൻഷന് അർഹരാണ്.
സർക്കാർ ഓണറേറിയം കൈപ്പറ്റുന്ന അങ്കണവാടി ഹെൽപർമാർ, ആശ വർക്കർമാർ, പാലിയേറ്റീവ് രോഗികൾക്കും മറ്റും സേവനം ചെയ്യാൻ രണ്ടു വർഷം മുൻപ് നിയമിച്ച വൊളന്റിയർമാർ തുടങ്ങിയവർക്കും പെൻഷൻ നൽകാനും ഇതേ മാനദണ്ഡങ്ങൾ പ്രകാരം അനുമതി ഉണ്ട്.
മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ അല്ലാതെയുള്ള ഭവനങ്ങളിൽ താമസിക്കുന്ന സന്യാസിമാർ, പുരോഹിതർ, വൈദികർ എന്നിവർക്ക് അവർ സേവനം അനുഷ്ഠിക്കുന്ന മതസ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്നതുൾപ്പെടെയുള്ള വാർഷിക വരുമാനം ലക്ഷം രൂപയിൽ കൂടുന്നില്ലെങ്കിൽ പെൻഷൻ അനുവദിക്കാനും മുൻ പറഞ്ഞ മാനദണ്ഡങ്ങൾ പ്രകാരം അനുമതി നൽകി. എന്നാൽ, മതസ്ഥാപനങ്ങളുടെ മന്ദിരങ്ങളിൽ താമസിക്കുന്നവരാണെങ്കിൽ പെൻഷൻ ഗുണഭോക്തൃ പട്ടികയിൽ ഉൾപെട്ടിട്ടുണ്ടെങ്കിലും ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്. ചിലർ ഇത്തരത്തിൽ ഉൾപ്പെട്ടതായി സൂചനയുണ്ട്.
അതേസമയം നിശ്ചിത സമയപരിധി കഴിഞ്ഞ മാസം 28നു കഴിഞ്ഞെങ്കിലും സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ നിന്നു വരുമാന സർട്ടിഫിക്കറ്റ് തുടർന്നും സ്വീകരിക്കാൻ തദ്ദേശ വകുപ്പിനു സർക്കാർ നിർദേശം നൽകി. ഇതു സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഇറങ്ങിയിട്ടില്ല. സർട്ടിഫിക്കറ്റ് പിന്നീട് സമർപ്പിച്ചാൽ പെൻഷൻ പുനഃസ്ഥാപിക്കുമെങ്കിലും കുടിശിക കിട്ടില്ല.