പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ചട്ടത്തില്‍ പ്രഖ്യാപനം  26-ന് മുഖ്യമന്ത്രി  നിര്‍വഹിക്കും

കോഴിക്കോട്‌: സംസ്ഥാനത്തെ പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ചട്ടത്തിലേക്കുമാറി. ഇതുസംബന്ധിച്ച പ്രഖ്യാപനം ജനുവരി 26-ന് രാവിലെ 11.30 ന് മുഖ്യമന്ത്രി  പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ശേഖരിച്ച പ്ലാസ്റ്റിക് പാഴ് വസ്തുക്കളുള്‍പ്പെടെ അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയതിനുള്ള പ്രതിഫല തുക ഹരിതകര്‍മ്മസേനകള്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷനാകും. ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ശാരദ മുരളീധരന്‍ , വി. വേണു,   തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ       , ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മൊഹമ്മദ് അലി, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രീ , നഗരകാര്യവകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ്്., ഗ്രാമവികസന കമ്മീഷണര്‍ വി.ആര്‍. വിനോദ്, ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ പി. കേശവന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും കിലയുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഔദ്യോഗിക യൂട്യൂബ് ചാനലിലും പരിപാടി തത്സമയം കാണാനാവും.

പ്രഖ്യാപനത്തെത്തുടര്‍ന്ന് ഹരിതകര്‍മ്മസേനകള്‍ ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് നല്‍കിയതിനുള്ള പ്രതിഫലം ചെക്കായി  നല്‍കുന്ന ചടങ്ങും അതതു തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കും. ഹരിതചട്ടം പാലിക്കുന്ന ഓഫീസിനു നല്‍കുന്ന സാക്ഷ്യപത്ര സമര്‍പ്പണവും പ്രഖ്യാപനവും പ്രതിജ്ഞയും ഹരിത ഓഫീസുകളില്‍  നടക്കും.

ഹരിതചട്ട പാലനത്തിന്റെ നിലവാരമനുസരിച്ച് എ, ബി, സി എന്ന് മൂന്ന് കാറ്റഗറികളിലാണ് ഓഫീസുകളെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസുകളായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹരിതചട്ടം പാലിക്കുന്ന ഓഫീസുകളില്‍ ജീവനക്കാരും സന്ദര്‍ശകരും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കും. പ്ലാസ്റ്റിക്കിലും തെര്‍മോകോളിലും ഉള്‍പ്പെടെയുള്ള എല്ലാത്തരം ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഡിസ്‌പോസബിള്‍ വസ്തുക്കളുടെ ഉപയോഗവും പൂര്‍ണമായും ഒഴിവാക്കും. മാലിന്യം രൂപപെടുന്നതിന്റെ അളവ് പരമാവധി കുറച്ചും ജൈവമാലിന്യവും അജൈവമാലിന്യവും വെവ്വേറെ ശാസ്ത്രീയമായി സംസ്‌കരിച്ചുമാണ് പ്രധാനമായും ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പരിശോധന സൂചികയിലെ ഘടകങ്ങള്‍ ഉറപ്പുവരുത്തിയാണ് പതിനായിരം ഓഫീസുകളും ഹരിതചട്ടത്തിലേക്ക് മാറിയതെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു.

Comments

COMMENTS

error: Content is protected !!