പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും ദേശീയ ഗുണനിലവാര അംഗീകാരം

പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും ദേശീയ ഗുണനിലവാര അംഗീകാരം. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യൂ.എ എസ്) അംഗീകാരമാണ് ആശുപത്രിക്ക് ലഭിച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് ആശുപത്രിക്ക് എന്‍.ക്യൂ.എ.എസ് അം​ഗീകാരം ലഭിക്കുന്നത്. കേരളത്തിൽ നിന്ന് എന്‍.ക്യൂ.എ.എസ് അം​ഗീകാരം ലഭിച്ചതിൽ ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചത് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിനാണ്. 95% സ്കോർ നേടിയാണ് ഈ ആതുരാലയം പുരസ്‌കാരത്തിന് അര്‍ഹമായത്.

കായകൽപ്പ, കാഷ് അക്രഡിറ്റേഷൻ, ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇതിനോടകം പനങ്ങാട് കുടുംബാരോ​ഗ്യ കേന്ദ്രം നേടിയിട്ടുണ്ട്. ആശുപത്രിയുടെ നേതൃത്വത്തിൽ പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾക്കും ജീവിതശൈലീ രോഗ നിയന്ത്രണത്തിനും മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഈ ആരോ​ഗ്യകേന്ദ്രം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പടയൊരുക്കം, ക്വിറ്റ് വീൽസ്, കൊതുകിനെതിരെ കുട്ടി പട്ടാളം, കിടപ്പു രോഗികൾക്കായുള്ള കൂടെ, അതിഥി തൊഴിലാളികൾക്കായുള്ള ആതിഥേയം പരിപാടി, സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള കുട്ടി ഡോക്ടർ പദ്ധതി, ജീവിതശൈലീ രോഗ നിയന്ത്രണത്തിനായുള്ള സ്പന്ദനം പദ്ധതി എന്നിവ സംസ്ഥാന തലത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ജില്ലയിൽ ആദ്യമായി ഇ- ഹെൽത്ത് പദ്ധതി നടപ്പിലാക്കിയതും പനങ്ങാട് ആയിരുന്നു. ആശുപത്രി ഒ.പി പൂർണ്ണമായും പേപ്പർലെസ് ആയാണ് പ്രവർത്തിക്കുന്നത്. ഇപ്പോഴും നിരവധി നൂതന പദ്ധതികൾ പനങ്ങാട് ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ ഈ ആരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കി വരുന്നു.

Comments

COMMENTS

error: Content is protected !!