പനിയുള്ള കുട്ടികളെ മൂന്നു മുതല്‍ അഞ്ചു വരെ ദിവസം സ്‌കൂളില്‍ അയക്കരുത്- പൊതുവിദ്യാഭ്യാസ വകുപ്പ്
പനിയുള്ള കുട്ടികളെ മൂന്നു മുതല്‍ അഞ്ചു വരെ ദിവസം സ്‌കൂളില്‍ അയക്കരുതെന്നും നിര്‍ബന്ധമായും ചികിത്സ തേടണമെന്നും രക്ഷാകര്‍ത്താക്കള്‍ക്ക് നിര്‍ദേശം നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. കുട്ടിയുടെ രോഗവിവരം സ്‌കൂളില്‍ നിന്ന് അന്വേഷിക്കണം. ഒരു ക്ലാസില്‍ പല കുട്ടികള്‍ക്ക് പനിയുണ്ടെങ്കില്‍ ക്ലാസ് ടീച്ചര്‍ പ്രധാനാധ്യാപകനെയും അദ്ദേഹം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറെയും അറിയിക്കണം.
ഇന്‍ഫ്‌ലുവന്‍സയുടെ ചെറിയ ലക്ഷണങ്ങേളാടുകൂടിയാണെങ്കില്‍ പോലും സ്‌കൂളില്‍ വരുന്ന കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ചുമ, തുമ്മല്‍, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ മുന്‍കരുതലെന്ന നിലയില്‍ മാസ്‌ക് ധരിക്കുകയും പര്യാപ്തമായ അകലം പാലിക്കുകയും ചെയ്യണം. എല്ലാ സ്‌കൂളുകളിലും ഒരു അധ്യാപകന്‍/ അധ്യാപിക പകര്‍ച്ചവ്യാധി നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കണം.
പകര്‍ച്ചവ്യാധി പിടിപെടുന്ന കുട്ടികള്‍/ ജീവനക്കാര്‍/ അധ്യാപകര്‍ എന്നിവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് സ്‌കൂളില്‍ ഡാറ്റ ബുക്ക് ഏര്‍പ്പെടുത്തണം. ശനിയാഴ്ച എല്ലാ വിദ്യാഭ്യാസ ഓഫീസിലും ശുചീകരണ പ്രവര്‍ത്തനം നടത്തണം. സ്‌പെഷല്‍ ആരോഗ്യ അസംബ്ലി വെള്ളിയാഴ്ച സ്‌കൂളുകളില്‍ ചേരാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.