യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി; രണ്ട് വൈസ് പ്രസിഡന്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസില്‍ വാട്‌സാപ്പ് സന്ദേശം ചോര്‍ത്തല്‍ ആരോപണം നിലനില്‍ക്കെ രണ്ട് വൈസ് പ്രസിഡന്റുമാര്‍ക്കെതിരെ നടപടി. സംസ്ഥാന ഉപാധ്യക്ഷന്മാരായ എന്‍ എസ് നുസൂര്‍, എസ് എം ബാലു എന്നിവരെ ചുമതലകളില്‍ നിന്നും നീക്കിയതായി ദേശീയ സെക്രട്ടറി ആശ്രാവണ്‍ റാവു വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവർത്തനത്തിനാണ് നടപടി. 

ഇതില്‍ നുസൂറിനെതിരെ വാട്‌സ് ആപ്പ് ചാറ്റ് പുറത്തായതിനും ബാലുവിനെതിരെ ചിന്തന്‍ ശിബിരത്തിലെ പീഡനപരാതിയുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന. സംഘടനാ അച്ചടക്കം ലംഘിച്ചുതുമായി ബന്ധപ്പെട്ട് അന്വേഷണം ചൂണ്ടിക്കാട്ടിയാണ്‌ ഇരുവരേയും ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതായി അറിയിച്ചത്.
യൂത്ത് കോൺഗ്രസിൽ ഷാഫി പറമ്പിൽ വിരുദ്ധ ചേരിയിലാണ് എൻ എസ് നുസൂറും എസ് എം ബാലുവും . യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരത്തിലുയർന്ന പീഡന പരാതി അടക്കം പുറത്തായതിൽ നേതൃത്വത്തിന് കടുത്ത അമർഷം ഉണ്ടായിരുന്നു.  മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിക്കാന്‍ കെ.എസ്.ശബരിനാഥന്‍ ആവശ്യപ്പെട്ടതിന്റെ ചാറ്റ് പുറത്തായ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയവരില്‍ നുസൂറും ബാലുവും ഒപ്പ് വെച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു നുസൂറിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് നടപടിയെന്നത് ശ്രദ്ധേയമാണ്‌. ചിന്തന്‍ ശിബരത്തില്‍ ഉയര്‍ന്ന പീഡന പരാതിയുമായി ബന്ധപ്പെട്ട് നേരത്തെ നേതൃത്വത്തിനെതിരെ ബാലു രംഗത്തെത്തിയിരുന്നു.
Comments

COMMENTS

error: Content is protected !!