പപ്പായ കറയ്ക്ക് ഡിമാന്റ് കൂടുന്നു

വാ  ണിജ്യാടിസ്ഥാനത്തില്‍ പശ ശേഖരിക്കാമെന്ന പ്രതീക്ഷയോടെ പപ്പായ കൃഷിക്ക് തുടക്കം. വന്‍വരുമാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
തച്ചുടപറമ്പില്‍ അരയേക്കര്‍ സ്ഥലത്ത് പരീക്ഷണ അടിസ്ഥാനത്തില്‍ മല്‍പ്പാന്‍ തോമസും രാജീവ് തേവാലിലും കൃഷി ഓഫീസര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം കൃഷി തുടങ്ങി.ടാപ്പു ചെയ്താണ് പശയെടുക്കുക. വളര്‍ന്നു വരുന്ന പപ്പായയുടെ തൊലിയില്‍ ബ്‌ളേഡ് കൊണ്ട് കീറലുണ്ടാക്കിയാണ് പശ ശേഖരണം.

എട്ടു ദിവസം കഴിഞ്ഞാല്‍ അതില്‍ വീണ്ടും കീറലുണ്ടാക്കി പശയെടുക്കാം. 10 ദിവസം വരെ പശ കേടുവരാതെ വയ്ക്കാം. പശയെടുത്ത പപ്പായ സാധാരണപോലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യും.

 

ബിസ്‌കറ്റ് നിര്‍മാണത്തിനും ഔഷധ നിര്‍മാണത്തിനും സൗന്ദര്യവര്‍ധക വസ്തു നിര്‍മാണത്തിനും അവശ്യമായ പപ്പെയിന്‍ ഉത്പാദിപ്പിക്കാനാണ് പശയെടുക്കുന്നത്. വിദേശത്ത് വന്‍ ഡിമാന്‍ഡാണിതിന്.സംസ്‌കരിക്കാത്ത പശയ്ക്ക് കിലോയ്ക്ക് 130 രൂപ ലഭിക്കും.

 

ആദ്യപടിയായി ആയിരം പപ്പായ തൈകളാണ് നട്ടത്.അധികം ഉയരത്തില്‍ വളരാത്തതും കൂടുതല്‍ ഫലം തരുന്നതമായ സിന്‍ഡ ഇനം തൈകളാണ് നട്ടിട്ടുള്ളത്. അഞ്ചു മാസം കഴിയുമ്പോള്‍ വിളവെടുക്കാം. രണ്ടര വര്‍ഷമാണ് ഒരു ചെടിയില്‍നിന്നും ഫലം പ്രതീക്ഷിക്കുന്നത്. ഒരു ഏക്കറില്‍ നിന്ന് പ്രതിമാസം 30,000 രൂപ വരുമാനം കണക്കാക്കുന്നു.

 

അത്യാവശ്യത്തിന് വെള്ളം വേണമെന്നതല്ലാതെ പപ്പായ തൈകള്‍ക്ക് കാര്യമായ ശുശ്രൂഷ ആവശ്യമില്ലെന്നതാണ് ഈ കൃഷിയുടെ സൗകര്യമെന്ന് കര്‍ഷകര്‍ പറഞ്ഞു.

 

പപ്പായ ഉത്പാദനത്തിന് മറ്റു സംസ്ഥാനങ്ങളില്‍ പരിശീലനം നല്‍കുന്നുണ്ട്. സ്വദേശി സയന്‍സ് മൂവ്‌മെന്റ് പദ്ധതിവഴി ആനന്ദ് അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ ഫുഡ്‌പ്രോസസിങ് കോളജില്‍നിന്ന് തോമസും രാജീവും പരിശീലനം നേടി.

 

പപ്പായയില്‍നിന്ന് മറ്റ് നിരവധി ഉത്പന്നങ്ങളും ഉണ്ടാക്കാന്‍ വിദഗ്ധ പരിശീലനം നല്‍കുന്നുണ്ട്. ജില്ലയില്‍ പപ്പായ കര്‍ഷകരുടെ സൊസൈറ്റിയും രൂപവത്കരിച്ചു.
Comments

COMMENTS

error: Content is protected !!