കൃഷിസമ്മാന്‍ ആനുകൂല്യം ഒരുലക്ഷം കര്‍ഷകര്‍ക്കുകൂടി മാത്രം; വരുമാനപരിധി തടസ്സമാകും

ഭൂ  പരിധി നിയന്ത്രണം എടുത്തുകളഞ്ഞെങ്കിലും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കൃഷിസമ്മാന്‍ പദ്ധതിയുടെ ഗുണം സംസ്ഥാനത്ത് അധികമായി ലഭിക്കുക ഒരു ലക്ഷത്തില്‍ത്താഴെ കര്‍ഷകര്‍ക്കു മാത്രം. അഞ്ചേക്കറിന് (രണ്ട് ഹെക്ടര്‍) മുകളില്‍ ഭൂമിയുള്ള കര്‍ഷകര്‍ സംസ്ഥാനത്ത് കുറവാണെന്നതാണ് കാരണം.

വരുമാനപരിധിയില്‍മാറ്റം വരുത്തിയിട്ടില്ലാത്തതിനാല്‍ അധികം പേര്‍ക്കും പുതുതായി പ്രഖ്യാപിച്ച ആനുകൂല്യത്തിന്റെ ഗുണം ലഭിക്കില്ല. പുതിയ നിബന്ധനകള്‍ പ്രകാരമുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയാലേ എത്രപേര്‍ക്ക് അധികമായി പ്രയോജനം ലഭിക്കുമെന്ന് കൃത്യമായി പറയാനാകൂ. ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിനുള്ള കേന്ദ്രനിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് രജിസ്ട്രേഷന്‍ തുടങ്ങുമെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു.

 

രണ്ടു ഹെക്ടറില്‍ത്താഴെ കൃഷിഭൂമിയുള്ള കര്‍ഷകര്‍ക്ക് 2000 രൂപ വീതം മൂന്നുതവണകളായി വര്‍ഷം ആറായിരം രൂപ ബാങ്ക് അക്കൗണ്ടില്‍ നല്‍കുന്നതാണ് പദ്ധതി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രഖ്യാപിച്ച പദ്ധതി മോദി വീണ്ടും അധികാരത്തിലെത്തിയതോടെ കൂടുതല്‍ പേര്‍ക്കായി വ്യാപിപ്പിക്കുകയായിരുന്നു.

 

രാജ്യത്താകെ 14.50 കോടി കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പദ്ധതിയുടെ ഭൂപരിധിനിയന്ത്രണം ഒഴിവാക്കിയത്. 12 കോടി കര്‍ഷകരെ ലക്ഷ്യമിട്ടായിരുന്നു നേരത്തേ പദ്ധതി നടപ്പാക്കിയത്.

 

ഫെബ്രുവരിയില്‍ തുടങ്ങിയ പദ്ധതിയില്‍ സംസ്ഥാനത്ത് ഇതുവരെ 27.37 ലക്ഷം പേരാണ് അപേക്ഷിച്ചത്. ഒമ്പതുലക്ഷം പേര്‍ക്ക് ആദ്യഗഡുവും നാലുലക്ഷം പേര്‍ക്ക് രണ്ടാംഗഡുവും നല്‍കി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആനുകൂല്യവിതരണം നിര്‍ത്തിവച്ചിരുന്നു.

 

കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍ (ക്ലാസ് നാല് ഗ്രൂപ്പ് ഡി ഒഴികെ), കേന്ദ്ര സംസ്ഥാന സ്വയംഭരണ സര്‍വീസില്‍നിന്ന് വിരമിച്ച് മാസം 10,000 രൂപയോ അതില്‍ കൂടുതലോ പെന്‍ഷന്‍ ലഭിക്കുന്നവര്‍, പ്രൊഫഷണല്‍ രംഗത്തുള്ള (രജിസ്റ്റര്‍ ചെയ്ത്) ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍, അക്കൗണ്ടന്റുമാര്‍ തുടങ്ങിയവര്‍ക്കൊന്നും പദ്ധതിയില്‍ അപേക്ഷിക്കാനാകില്ല.

 

അവസാന അസസ്മെന്റ് വര്‍ഷം ആദായനികുതി അടച്ചവര്‍ക്കും ആനുകൂല്യം നല്‍കില്ല. മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാര്‍, മേയര്‍മാര്‍, എം.പി.മാര്‍, ഭരണഘടനാ സ്ഥാപനങ്ങളില്‍ നിലവിലുളളതും മുമ്പ് പ്രവര്‍ത്തിച്ചിരുന്നവരുമായ ഉദ്യോഗസ്ഥര്‍ എന്നിവരെയും ഗുണഭോക്താക്കളാക്കില്ല. ഇത്തരം നിയന്ത്രണങ്ങള്‍കൊണ്ടുതന്നെ കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ചെറുകിട, നാമമാത്ര കൃഷി ചെയ്യുന്ന വലിയൊരുവിഭാഗം പുറത്താകും.
Comments
error: Content is protected !!