പയ്യോളി ബി ജെ പിയിൽ നടപടികൾ അവസാനിക്കുന്നില്ല; രാജിവെച്ച മണ്ഡലം വൈസ് പ്രസിഡണ്ടിനെ ജില്ലാ പ്രസിഡണ്ട് സസ്പെന്റ് ചെയ്തു; മണ്ഡലം പ്രസിഡണ്ട് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി
കൊയിലാണ്ടി: പയ്യോളി ബി ജെ പിയിൽ പടലപ്പിണക്കവും അച്ചടക്ക നടപടികളും തുടരുന്നു. മണ്ഡലം കമ്മറ്റി അംഗത്വവും വൈസ് പ്രസിഡണ്ട് പദവിയും രാജിവെച്ച് കത്ത് നൽകിയ പിലാച്ചേരി വിശ്വനാഥനേയും പിരിച്ചുവിട്ട തിക്കോടി പഞ്ചായത്ത് കമ്മറ്റിയുടെ പ്രസിഡണ്ടായിരുന്ന ശിവപ്രകാശ് നടുക്കണ്ടിയേയും സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ അനുമതിയോടെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തതായി ജില്ലാ പ്രസിഡണ്ട് വി കെ സജീവൻ ബന്ധപ്പെട്ടവർക്ക് കത്ത് നൽകി. എന്നാൽ ഇവർ ഇരുവരേയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ പുറത്താക്കി എന്നാണ് പയ്യോളി മണ്ഡലം പ്രസിഡണ്ട് എ കെ ബൈജു കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞത്. തുടർച്ചയായ അച്ചടക്ക ലംഘനത്തെത്തുടർന്ന് നടപടി അനിവാര്യമാകുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
“പാർട്ടി സംസ്ഥാന തലത്തിൽ തീരുമാനിച്ച തിരങ്കാ യാത്ര നടത്താൻ തിക്കോടി പഞ്ചായത്ത് കമ്മറ്റി തയാറായില്ല. അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെ പി നഡ്ഡ കേരളത്തിലെത്തിയപ്പോൾ ഒരുക്കിയ സ്വീകരണ പരിപാടിയുമായി സഹകരിച്ചില്ല. കെ സുരേന്ദ്രന്റെ മകന്റെ കല്യാണം കൂടാൻ കേരളത്തിൽ വന്നതിന് പ്രത്യേകം സ്വീകരണമൊരുക്കേണ്ട കാര്യമില്ല എന്നായിരുന്നു തിക്കോടി കമ്മറ്റിയുടെ നിലപാട്. അന്ന് ജില്ലാനേതാക്കളുടെ സാന്നിദ്ധ്യത്തിൽ മണ്ഡലം കമ്മറ്റി ചേർന്ന് വിശദമായ ചർച്ച നടത്തുകയും തങ്ങളുടെ തെറ്റ് ബോദ്ധ്യപ്പെട്ട് ഏറ്റുപറഞ്ഞതിനെ തുടർന്നാണ് നടപടി ഒഴിവാക്കിയത്. അച്ചടക്കരാഹിത്യം തുടർന്നാൽ ഇനി മാപ്പുണ്ടാവില്ലെന്നും താക്കീത് ചെയ്തിരുന്നു. എന്നാൽ അച്ചടക്ക ലംഘനം തുടർന്നതിനാലാണ് നടപടി അനിവാര്യമായത്. കൂപ്പണിൽ നമ്പരുണ്ടായിരുന്നില്ല എന്ന കാര്യം ശരിയാണ്. എന്നാൽ പുസ്തകത്തിന് നമ്പറുണ്ടായിരുന്നു. സംസ്ഥാനമാകെ ഇതേ കൂപ്പണുപയോഗിച്ചാണ് പണം പിരിച്ചത്. തിക്കോടി കമ്മറ്റിക്ക് മാത്രം അത് ചെയ്യാനാവില്ല എന്ന നിലപാട് അംഗീകരിക്കാനാവില്ല.” മണ്ഡലം പ്രസിഡണ്ട് കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു.
എന്നാൽ മണ്ഡലം പ്രസിഡണ്ട് പറയുന്ന കാര്യങ്ങളെല്ലാം വാസ്തവവിരുദ്ധവും തെറ്റുമാണെന്ന് പിരിച്ചുവിടപ്പെട്ട തിക്കോടി കമ്മറ്റിക്കാർ പറയുന്നു. തിരങ്കാ യാത്രയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിന്റെ കാരണം മണ്ഡലം കമ്മറ്റിയിൽ ജില്ലാ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ബോദ്ധ്യപ്പെടുത്തിയതും മണ്ഡലം കമ്മറ്റി അംഗീകരിച്ചതുമാണ്. ഉപതെരഞ്ഞെടുപ്പുൾപ്പെടെ വലിയ സാമ്പത്തിക ബാദ്ധ്യത വന്ന പ്രവർത്തനങ്ങളിലെല്ലാം സാമ്പത്തികമായി സഹായിക്കാം എന്ന് മണ്ഡലം കമ്മറ്റി ഉറപ്പു നൽകിയിരുന്നെങ്കിലും അതുണ്ടായില്ല. അതുകൊണ്ടാണ് തിരങ്കാ യാത്രയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. അഖിലേന്ത്യാ അദ്ധ്യക്ഷനെ സ്വീകരിക്കാൻ രണ്ട് ബസ്സിൽ തന്നെ, തിക്കാടി പഞ്ചായത്ത് കമ്മറ്റി പ്രവർത്തകരെ കൊണ്ടുപോയിട്ടുണ്ട്. വസ്തുതാപരമല്ലാത്ത കാര്യങ്ങളാണ് മണ്ഡലം പ്രസിഡണ്ട് പറയുന്നത്. കൂപ്പണിൽ നമ്പറടിക്കാതെ പണം പിരിച്ചത് വലിയ അഴിമതിക്കും ക്രമക്കേടിനും കാരണമായ അനുഭവം ബി ജെ പി യിൽ തന്നെയുണ്ട്. തങ്ങൾ അത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. ജില്ലാ കമ്മറ്റി അംഗങ്ങളുൾപ്പെടെ പങ്കെടുത്ത മണ്ഡലം കമ്മറ്റിയിൽ ഇതൊക്കെ ബോദ്ധ്യപ്പെടുത്തിയതും മണ്ഡലം കമ്മറ്റി അംഗീകരിച്ചതുമാണ്. അതിന് ശേഷം എല്ലാ സംഘടനാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് തിക്കോടി പഞ്ചായത്ത് കമ്മറ്റി പിരിച്ചുവിട്ടത്. നടപടി എടുക്കുന്നതിന് മുമ്പ് കമ്മറ്റിയോട് വിശദീകരണം ചോദിക്കുക എന്ന സാമാന്യ മര്യാദ പോലും സ്വീകരിച്ചില്ല. ഏകപക്ഷീയമായ നടപടിയാണുണ്ടായത്.
ഒരു പഞ്ചായത്ത് കമ്മറ്റി പിരിച്ചു വിടാൻ ജില്ലാ പ്രസിഡണ്ടിന് അധികാരമില്ല. അത് ചെയ്യേണ്ടത് സംസ്ഥാന ഘടകമാണ്. പിരിച്ചുവിട്ടത് സംബന്ധിച്ച് ഒരറിയിപ്പും ഇതുവരെ തിക്കോടി പഞ്ചായത്ത് കമ്മറ്റിക്കോ ഭാരവാഹികൾക്കോ ലഭിച്ചിട്ടില്ല. ഓൺലൈൻ പത്രവാർത്തയിലും പൊതുവാട്സാപ്പുകളിലും കണ്ട അറിവ് മാത്രമേയുള്ളൂ. ഇത് അങ്ങേയറ്റം സംഘടനാ വിരുദ്ധമാണ്. മണ്ഡലം വൈസ് പ്രസിഡണ്ട് പിലാച്ചേരി വിശ്വനാഥനേയും, പിരിച്ചുവിട്ടതായി പറയുന്ന തിക്കോടി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ശിവപ്രകാശ് നടുക്കണ്ടിയേയും, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് വരെ പുറത്താക്കിയതായാണ് മണ്ഡലം പ്രസിഡണ്ട് അവകാശപ്പെടുന്നത്. അദ്ദേഹത്തെ ഉദ്ധരിച്ച് ഓൺ ലൈൻ മാധ്യമങ്ങൾ അത് റിപ്പോർട്ടു ചെയ്തിട്ടുമുണ്ട്. എന്നാൽ ജില്ലാ പ്രസിഡണ്ടിന്റെ കത്തിൽ പറയുന്നത് ഇരുവരേയും സസ്പന്റ് ചെയ്തു എന്നാണ്. ഇതിലേതാണ് ശരി? സസ്പെൻഷനും പുറത്താക്കലും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാകാത്ത ആളാണോ മണ്ഡലം പ്രസിഡണ്ട്? പിരിച്ചുവിട്ട തികോടി പഞ്ചായത്തു കമ്മറ്റിക്കാർ ചോദിക്കുന്നു. പടലപ്പിണക്കത്തിൽ കൂടുതൽ രാജി ഉടനുണ്ടാവും എന്ന് ശ്രുതിയുണ്ട്.