പരാതിക്കാരിയെ മർദിച്ച കേസിലും എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് മുൻ‌കൂർ ജാമ്യം

പരാതിക്കാരിയെ മര്‍ദിച്ച കേസില്‍ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. അഭിഭാഷകന്‍റെ ഓഫീസിൽ വെച്ച് മർദിച്ചു എന്ന കേസിലാണ് മുൻകൂർ ജാമ്യം.

ഈ മാസം 10നും 11നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. ഒരു ലക്ഷം രൂപയുടെ ജാമ്യത്തുകയോ തതുല്യമായ ജാമ്യക്കാരെയോ ഹാജരാക്കണം. സംസ്ഥാനമോ രാജ്യമോ വിട്ടു പോകരുത്. സാക്ഷിയെ സ്വാധീനിക്കാൻ പാടില്ലെന്നും കോടതി നിർദേശിച്ചു.

സ്ത്രീത്വത്തെ അപമാനിക്കൽ, വ്യാജ രേഖ ചമയ്ക്കൽ, മർദ്ദനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എൽദോസിനുവേണ്ടി അഡ്വ.കുളത്തൂർ രാഹുൽ ഹാജരായി. നേരത്തെ ബലാത്സംഗക്കേസിലും എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മർദനക്കേസ് രജിസ്റ്റർ ചെയ്തത്.

പരാതിക്കാരിയെ വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസില്‍ വച്ച് മർദിച്ചത് എൽദോസ് ആണെന്നും ഇത് അഭിഭാഷകർ കണ്ടുനിന്നെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. മർദന കേസിൽ എൽദോസ് മാത്രമായിരുന്നു മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്. അഭിഭാഷകർക്കെതിരെ റിപ്പോർട്ട്‌ മാത്രം ഉള്ളത് കാരണം ജാമ്യ അപേക്ഷ പരിഗണിച്ചിരുന്നില്ല.

 

Comments

COMMENTS

error: Content is protected !!