KOYILANDILOCAL NEWS
പരാതികൾക്ക് പരിഹാരം കൊയിലാണ്ടിയിൽ സബ് സ്‌റ്റേഷൻ നിർമിക്കും
കോഴിക്കോട്: ഒറ്റദിവസത്തെ അദാലത്തിൽ തീർപ്പ് കൽപ്പിച്ചത് 1007 പരാതികൾ. കെഎസ്‌ഇബി വൈദ്യുതി അദാലത്തിലാണ് ജില്ലയിലെ അഞ്ച് ഡിവിഷനുകളിൽനിന്നുള്ള പരാതികൾ പരിഹരിച്ചത്. മൊത്തം 1036 എണ്ണം ലഭിച്ചു. ശേഷിക്കുന്നതിൽ അന്വേഷിച്ച് നടപടി സ്വീകരിക്കും. ഏകദേശം മൂന്നരക്കോടി രൂപയുടെ ചെലവാണ് പരാതിപരിഹാരത്തിന് കണക്കാക്കുന്നത്.
കൊയിലാണ്ടിയിൽ 110 കെവി സബ് സ്‌റ്റേഷൻ നിർമിക്കാൻ അദാലത്തിൽ തീരുമാനിച്ചു. നിലവിൽ ഈ മേഖലയിൽ വോൾട്ടേജ് കുറവും ലൈനിൽ വിവിധ തകരാറുകളും ഉണ്ട്. വൈദ്യുതി ലോഡ് കൂടുതലുള്ള ഇവിടെ സബ് സ്‌റ്റേഷൻ വേണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. അദാലത്തിലും പരാതി ലഭിച്ചതോടെ നിർമാണവുമായി മുന്നോട്ടുപോകാൻ വകുപ്പ് തീരുമാനിച്ചു. രണ്ട് സ്ഥലങ്ങൾ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ തീരുമാനമെടുത്തശേഷം സ്ഥലമേറ്റെടുക്കലുമായി മുന്നോട്ടുപോകും. വിവിധ ഭവനപദ്ധതികളിലുൾപ്പെടുത്തി വീട് ലഭിച്ചവർക്ക് വൈദ്യുതി കണക്‌ഷൻ നേടുന്നതിലെ തടസ്സം, ജീവനും ഗതാഗതത്തിനും ഭീഷണിയായ വൈദ്യുതി കമ്പികൾ, സ്റ്റേ വയറുകൾ, ട്രാൻസ്ഫോമറുകൾ തുടങ്ങിയവ മാറ്റി സ്ഥാപിക്കൽ, ബില്ലിലെ അപാകം, അന്യരുടെ ഭൂമിക്ക് മുകളിലൂടെ വൈദ്യുതി ലൈൻ കടന്നുപോകൽ തുടങ്ങിയവ സംബന്ധിച്ച പരാതികളുമുണ്ടായി.
കോഴിക്കോട്, ഫറോക്ക്, നാദാപുരം, വടകര, ബാലുശേരി വൈദ്യുതി ഡിവിഷനുകളിൽനിന്ന് സ്വീകരിച്ചതിന് പുറമെ നേരിട്ടുള്ള പരാതികളും അദാലത്തിൽ പരിഗണിച്ചു. പൂർണമായും ഡിജിറ്റലൈസ് ചെയ്‌ത സംവിധാനത്തിലായിരുന്നു അദാലത്ത്.
Comments