KOYILANDILOCAL NEWS

പഴയ കാലത്തെന്ന പോലെ പണ്ടാട്ടിയെത്തി. അനുഗ്രഹം ചൊരിഞ്ഞു. ഭക്തർക്ക് സായൂജ്യം.

കൊയിലാണ്ടി: ‘പണ്ടാട്ടി, ആഘോഷത്തിമർപ്പിൽ കൊരയങ്ങാട് തെരുവ് വിഷുദിനപ്പുലരിയെ വരവേറ്റു. ഗണപതി ക്ഷേത്രം കേന്ദ്രീകരിച്ച്, ആചാരപൂർവ്വം കൊണ്ടാടുന്ന ‘പണ്ടാട്ടി വരവ്,ദർശിക്കാൻ നിരവധി ജനങ്ങളാണ് എത്തിച്ചേർന്നത്. രണ്ട് വർഷമായി മുടങ്ങിയ ആഘോഷം ഇത്തവണ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മേട സംക്രമ ദിനത്തിൽ വൈകുന്നേരം വേഷപ്രഛന്നരായ ശിവപാർവ്വതിമാർ, പണ്ടാരത്തോടും അനുചര സംഘത്തോടുമൊപ്പം, ഗണപതി ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞ്, ഗുരു കാരണവന്മാരെ വന്ദിച്ച്, ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പ്രജകളുടെ ക്ഷേമൈശ്വര്യങ്ങൾ അറിയാനായി ഗൃഹ സന്ദർശനത്തിനിറങ്ങി. യാത്രാ മദ്ധ്യേ ദർശിച്ച ഭക്തരെ ശിവപാർവ്വതിമാർ ആലിംഗനം ചെയ്ത് അനുഗ്രഹം ചൊരിഞ്ഞു. ആളാരവങ്ങളോടെ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആബാലവൃദ്ധം ഭക്തർ പണ്ടാട്ടിയെ സ്വീകരിച്ചാനയിച്ചു.

വീടുകളിൽ ഒരുക്കിയ സമൃദ്ധവും വർണ്ണാഭവുമായ കാഴ്ച ദർശിച്ച് അനുഗ്രഹം ചൊരിഞ്ഞ് ഐശ്വര്യ ദേവന്മാർ മടക്കയാത്ര ആരംഭിച്ചതോടെ ശിവപാർവ്വതി സാന്നിധ്യത്തിന്റെ ധന്യതയിൽ ഐശ്വര്യ പൂർണ്ണവും സമ്പദ് സമുദ്ധവുമായ ദിനങ്ങൾ വന്നണയുമെന്ന പ്രതീക്ഷ ഒരോരുത്തരിലും ആഹ്ലാദം പകർന്നു. പനങ്ങാടൻകണ്ടി വിനോദ്, തിരുമുമ്പിൽ അമിത്തുമാണ് ഇത്തവണ ശിവപാർവ്വതി വേഷധാരികളായത്. പി പി ബിജു പണ്ടാരമായി. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടു കൂടിയായ കുന്നക്കണ്ടി ബാലൻ, പുത്തൻപുരയിൽ ബിജു, പി.കെ.ഗോപാലൻ എന്നിവരാണ് ശിവപാർവതിമാരേയും പണ്ടാരത്തെയും ചമയമണിയിച്ചത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button