പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം?

 

മൊബൈല്‍ ഫോണുകള്‍ അല്ലെങ്കില്‍ ലാപ്ടോപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെ ഉപയോഗപ്രദമായ ഒരു ഉപകരണമാണ് പവര്‍ ബാങ്ക്. മിക്കവാറും ആളുകളും മൊബൈല്‍ ഫോണിനോടൊപ്പം തന്നെ പവര്‍ ബാങ്കുകളും സൂക്ഷിക്കും. യാത്ര ചെയ്യുമ്പോള്‍ പെട്ടെന്നുള്ള ചാര്‍ജിംഗിന് പവര്‍ ബാങ്ക് മാത്രമേ രക്ഷയുള്ളു. പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം,

പവര്‍ ബാങ്കും ഫോണും

ഫോണിന്റെ ബാറ്ററി അനുസരിച്ചുള്ള പവര്‍ ബാങ്ക് വേണം വാങ്ങാന്‍. മിക്ക ഫോണുകളുടെയും ബാറ്ററി 3500-4000 എംഎഎച്ച് ആയിരിക്കും. അതിന് അനുസരിച്ചുള്ള പവര്‍ ബാങ്ക് വാങ്ങിക്കാം.

5000 എംഎഎച്ച് കപ്പാസിറ്റിയുള്ള പവര്‍ ബാങ്ക് മുതല്‍ ഉണ്ട്. എന്നാല്‍ ഒരു കാര്യം ഓര്‍ക്കണം, പവര്‍ ബാങ്കിന്റെ കപ്പാസിറ്റിയുടെ 80 ശതമാനത്തോളമേ ഉപയോഗിക്കാന്‍ സാധിക്കൂ. 10000 എംഎഎച്ച് കപ്പാസിറ്റിയുള്ള പവര്‍ ബാങ്ക് വാങ്ങിയാല്‍ രണ്ട് പ്രാവശ്യം ഫോണിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാം.

ഫോണ്‍ ഫാസ്റ്റ് ചാര്‍ജിംഗ് ആണോ?

ഫോണ്‍ ഫാസ്റ്റ് ചാര്‍ജിംഗ് ആണെങ്കില്‍ അത് സപ്പോര്‍ട്ട് ചെയ്യുന്ന പവര്‍ ബാങ്കായിരിക്കണം വാങ്ങിക്കേണ്ടത്. 18 വാട്ട്‌സ്, 22.5 വാട്ട്‌സ് ഒക്കെയുള്ള ശക്തിയുള്ള പവര്‍ ബാങ്ക് ആയിരിക്കും ഫാസ്റ്റ് ചാര്‍ജിംഗുള്ള ഫോണുകള്‍ക്ക് നല്ലത്.

ഫോണില്‍ ഉപയോഗിക്കുന്ന ചാര്‍ജിംഗ് പോര്‍ട്ട്

സാധാരണ ഫോണുകളില്‍ മൈക്രോ യുഎസ്ബി പോര്‍ട്ട് അല്ലെങ്കില്‍ സി പോര്‍ട്ട് ആയിരിക്കും ചാര്‍ജിംഗ് പോര്‍ട്ടായി ഉണ്ടാകുക. ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന ചാര്‍ജറില്‍ മിക്കവാറും സി പോര്‍ട്ട് ഉണ്ടാകും. എന്നാല്‍ ചില പവര്‍ ബാങ്കുകള്‍ സി പോര്‍ട്ട് സപ്പോര്‍ട്ട് ചെയ്യാറില്ല.

എത്ര പ്രാവശ്യം ഫോണ്‍ ചാര്‍ജ് ചെയ്യണം?

ഫോണിന്റെ ബാറ്ററി 4500 എംഎഎച്ച് ആണെന്ന് കരുതൂ. ഫോണ്‍ നാല് തവണ ചാര്‍ജ് ചെയ്യുകയാണ് വേണ്ടതെങ്കില്‍ 20000 എംഎഎച്ച് ഉള്ള പവര്‍ ബാങ്ക് ആയിരിക്കും അഭികാമ്യം. രണ്ട് തവണയാണെങ്കില്‍ 10000 എംഎഎച്ചിന്റെ പവര്‍ ബാങ്ക് മതി.

ട്രാവല്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍

യാത്ര ചെയ്യുമ്പോള്‍ ഉള്ള ഉപയോഗത്തിനായി പവര്‍ ബാങ്കുകളുടെ വലിപ്പം ശ്രദ്ധിച്ച് വാങ്ങാവുന്നതാണ്. ചെറിയതും വലിപ്പം കുറഞ്ഞതുമായ പവര്‍ ബാങ്കുകള്‍ കൊണ്ടുനടക്കാന്‍ എളുപ്പമായിരിക്കും. കോംപാക്ട് പവര്‍ ബാങ്കുകള്‍ ഇപ്പോള്‍ മിക്ക കമ്പനികളും രംഗത്തിറക്കുന്നുണ്ട്.

ചാര്‍ജിംഗ് കേബിളുകള്‍

നിങ്ങളുടെ ചാര്‍ജിംഗ് കേബിളായി സി ടു സി കേബിള്‍ ഉപയോഗിക്കുമ്പോള്‍ ചാര്‍ജിംഗ് സമയം കുറക്കാം. ഒറിജിനല്‍ കേബിള്‍ ഉപയോഗിക്കുക. 2.1 ആംപിയര്‍ കൂടുതല്‍ കടത്തിവിടുന്ന കേബിളുകളാണെങ്കില്‍ ഡാറ്റ കൈമാറാനും ഉപയോഗിക്കാം. ചാര്‍ജ് വേഗം കയറുകയും ചെയ്യും. ഒറിജിനല്‍ ഉപകരണങ്ങള്‍/ കേബിളുകള്‍ വാങ്ങാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ പൊട്ടിത്തറികള്‍ ഒഴിവാക്കാന്‍ ഉപകരിക്കും.

പവര്‍ ബാങ്ക് ചാര്‍ജിംഗ്

പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യുമ്പോള്‍ മുഴുവന്‍ ചാര്‍ജ് ചെയ്യാതെ 90 ശതമാനം ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്. ഇനി ഫോണിലേക്ക് ചാര്‍ജ് നല്‍കുമ്പോഴും 10 ശതമാനം ചാര്‍ജ് പവര്‍ ബാങ്കില്‍ അവശേഷിപ്പിക്കാന്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഉപകരണത്തിന്റെ ആയുസ് നീണ്ടുനില്‍ക്കും. കൂടുതല്‍ കാലം പവര്‍ ബാങ്ക് നമുക്ക് ഉപയോഗിക്കാം. ബജറ്റിനിണങ്ങിയ സുരക്ഷിതമായ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന പവര്‍ ബാങ്കേ വാങ്ങിക്കാവൂ എന്നു കൂടെ ശ്രദ്ധിക്കുമല്ലോ…

Comments

COMMENTS

error: Content is protected !!