KERALA

പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ അഭിപ്രായ വ്യത്യാസം അറിയിക്കാന്‍ നിയമസഭയ്‌ക്കവകാശമുണ്ട്

തിരുവനന്തപുരം> പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ സംബന്ധിച്ച് അഭിപ്രായവ്യത്യാസം അറിയിക്കാനുള്ള അവകാശം നിയമസഭയ്ക്കുണ്ടെന്നും അത് ഇന്ത്യന്‍ ഫെഡറലിസത്തിന്റെ ഭാഗമാണെന്നും അതിനാല്‍ പ്രമേയം പാസാക്കിയതില്‍ ഒരു തെറ്റുമില്ലെന്നും സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. നിയമസഭ തെറ്റായിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ നയം രൂപീകരിക്കേണ്ടതും നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കേണ്ടതും ക്യാബിനറ്റാണ്. ക്യാബിനറ്റ് അംഗീകരിച്ച നയപ്രഖ്യാപന നയമാണ് കേരളത്തിലെ സര്‍ക്കാരിന്റെ നയം. ആ നയം സമൂഹത്തെ അറിയിക്കുക എന്നുള്ള ബാധ്യതയാണ് ഗവര്‍ണര്‍ നിര്‍വഹിക്കുക. അതാണ് അദ്ദേഹം നിര്‍വഹിക്കേണ്ടതെന്നും സ്പീക്കര്‍ വ്യക്തമാക്കി.

130- ാം വകുപ്പ് പ്രകാരം ഒരു പ്രമേയം അഡ്മിസിബിളാണെന്ന് സ്പീക്കര്‍ തീരുമാനിച്ചു. അത്തരത്തിലൊരു പ്രമേയം വന്നാല്‍ അത് സഭയില്‍ വരാന്‍ ആവശ്യമായ നടപടിക്രമങ്ങളുണ്ട്. ചട്ടത്തില്‍ അതും കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ആ നടപടിക്രമം പാലിക്കുമെന്നും അത്രമാത്രമെ പറഞ്ഞിട്ടുള്ളുവെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഒരു പ്രമേയത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് സ്പീക്കര്‍ അഭിപ്രായം പറയേണ്ടതില്ല. അതിന്റെ നടപടിക്രമങ്ങളില്‍ തെറ്റുണ്ടോ എന്നതാണ് പ്രശ്‌നമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

കടലാസ് രഹിത നിയമസഭ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രാരംഭ നടപടികള്‍ ഈ സമ്മേളനത്തോടെ ആരംഭിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു. അതിന്റെ ഭാഗമായി ഗവര്‍ണര്‍ടെ പ്രസംഗം, ബജറ്റ് പ്രസംഗം എന്നിവയെല്ലാം ഡിജിറ്റല്‍ രൂപത്തില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. നിയമസഭയുടേയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള വലിയൊരു സംവിധാനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button