Uncategorized

പാറശ്ശാല ഷാരോൺ കൊലക്കേസ് കേരള പൊലീസ് തന്നെ തുടർന്നും അന്വേഷിക്കും

കേരള പൊലീസ് തന്നെ പാറശ്ശാല ഷാരോൺ കൊലക്കേസ്  തുടർന്നും അന്വേഷിക്കും. കേസ് അന്വേഷണം തമിഴ്നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഷാരോണിന്റെ കുടുംബത്തെ അറിയിച്ചു.  കൃത്യം നടന്ന സ്ഥലം, തൊണ്ടിമുതൽ കണ്ടെടുത്ത സ്ഥലം ഇവയെല്ലാം തമിഴ്നാടിന്റെ പരിധിയിലായതിനാൽ തുടരന്വേഷണം തമിഴ്നാട് പൊലീസിനെ ഏൽപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്ന സാഹചര്യത്തിൽ റൂറൽ എസ്പി ഇക്കാര്യത്തിൽ നിയമോപദേശം തേടിയിരുന്നു. ഈ നിയമോപദേശത്തിൻമേൽ ആഭ്യന്തര സെക്രട്ടറി തീരുമാനമെടുക്കാനിരിക്കെയാണ് കൊല്ലപ്പെട്ട ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയത്. കേരളാ പൊലീസ് തന്നെ കേസ് തുടർന്നും അന്വേഷിക്കണം എന്നതായിരുന്നു ആവശ്യം. മുഖ്യമന്ത്രി ഓഫീസിൽ ഉണ്ടായിരുന്നില്ലെങ്കിലും കേരള പൊലീസ് തന്നെ തുടർന്നും അന്വേഷിക്കും എന്ന ഉറപ്പ് അദ്ദേഹത്തിന്റെ ഓഫീസ് നൽകിയതായി ഷാരോണിന്റെ അച്ഛൻ ജയരാജ് പറഞ്ഞു. 

ഷാരോണ്‍ വധക്കേസിലെ പ്രതികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാൻ ജില്ലാ ക്രൈംബ്രാഞ്ച് ഒരുങ്ങുമ്പോഴാണ് നിയമോപദേശം ലഭിച്ചത്. ഷാരോണിനിനെ കൊലപ്പെടുത്താൻ ഗ്രീഷ്മയും മറ്റ് പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തിയതും വിഷം വാങ്ങി കൊടുത്തതും തെളിവ് നശിപ്പിച്ചതും തമിഴ്നാട്ടിലാണ്. മരണം സംഭവിച്ചിരിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും. കേസെടുത്തത് പാറാശാല പൊലീസും. കുറ്റപത്രം നൽകി വിചാരണയിലേക്ക് പോകുമ്പോള്‍ അന്വേഷണ പരിധി പ്രതികൾ ചോദ്യം ചെയ്താൽ കേസിനെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്നായിരുന്നു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ നിയമോപദേശം.

ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളോജ് ആശുപത്രിയിലായതിനാൽ കേസ് കൈമാറേണ്ട ആവശ്യമില്ലെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.അസഫലി അടക്കമുള്ള ഒരു വിഭാഗം നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. നിയമോപദശം ഡിജിപി പരിശോധിച്ച ശേഷമായിരിക്കും സർക്കാരിനെ അഭിപ്രായം അറിയിക്കുക. മറ്റൊരു സംസ്ഥാനത്തേക്ക് കേസ് മാറ്റണമെങ്കിൽ ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കേണ്ടത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button