പാലക്കാട് 24 മണിക്കൂറിനകം രണ്ട് കൊലകൾ; രാഷ്ട്രീയ കൊലകൾ വർഗ്ഗീയ സംഘർഷത്തിലേക്ക് വഴി മാറുമോ എന്ന ആശങ്കയിൽ കേരളം.

പാലക്കാട് : ജില്ലയിൽ 24 മണിക്കൂറിനകം രണ്ട് രാഷ്ട്രീയ കൊലകൾ. ഇന്നലെ എലപ്പുള്ളിയിലും ഇന്ന് മേലാമുറിയിലും. എലപ്പുള്ളിയിൽ എസ് ഡി പി ഐ, പ്രവർത്തകൻ സുബൈറിനെ അമ്പതിലധികം വെട്ട് വെട്ടിയാണ് കൊന്നത്. ഇന്ന് ഒരു മണിയോടെ എലപ്പുളിയിൽ നിന്ന് 13 കിലോമീറ്റർ അപ്പുറത്ത് മേലാമുറിയിൽ, ആർ എസ്സ് എസ്സ് പ്രവർത്തകനും മുൻ ശാരീരിക് പ്രമുഖുമായ ശ്രീനിവാസനാണ് കൊലചെയ്യപ്പെട്ടത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറ് പേരിൽ, മൂന്ന് പേർ ശ്രീനിവാസന്റെ കടക്കകത്ത് കയറി അദ്ദേഹത്തെ വെട്ടിയരിഞ്ഞിട്ട് ബൈക്കുകളിൽ നിമിഷ നേരം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. പുറത്തുവന്ന സി സി, ടി വി ദൃശ്യങ്ങൾ ഇത് വ്യക്തമാക്കുന്നു. സുബൈറിന്റെ കൊലപാതകത്തിന് പിന്നിൽ ആർ എസ്സ്എസ്സാണ് എന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും ശ്രീനിവാസന്റെ കൊലക്ക് പിന്നിൽ എസ് ഡി പി ഐ ആണന്ന് ബി ജെ പി യും പറയുന്നത് തന്നെയാണ് വാസ്തവം എന്നാണ് ഇതുവരെയുള്ള അന്വേഷണം വ്യക്തമാക്കുന്നത്.

സുബൈറിന്റെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന ഏതാനും പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ മൂന്ന് പേർ, സുദർശൻ, ശ്രീജിത്, ഷൈജു എന്നിവർ, എസ് ഡി പി ഐ പ്രവർത്തകൻ സക്കീർ ഹുസ്സൈന്റെ കൊലപാതകശ്രമക്കേസ്സിൽ പ്രതികളാണ്. കൊല ചെയ്യപ്പെട്ട ആർ എസ്സ് എസ്സ് പ്രവർത്തകൻ ഷംഞ്ജിത്തിന്റെ കാറാണ് സുബൈറിന്റെ കൊലക്കുപയോഗിച്ച കാറുകളിലൊന്ന്. ഇവരാണ് പ്രതികൾ എന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്നലെ കൊലചെയ്യപ്പെട്ട സുബൈറിന്റെ ശവസംസ്കാരച്ചടങ്ങുകൾ നടക്കുന്നതിന് മുമ്പാണ് അടുത്ത പ്രതികാരക്കൊല നടപ്പിലാക്കിയതെന്നത് പോലീസിനേയും ജനങ്ങളേയും ഒരുപോലെ ഞെട്ടിച്ചു. ഇരുകൊലകളും നടപ്പിലാക്കിയത് ഇതിനായി പരിശീലനം ലഭിച്ച പ്രൊഫഷനൽ കൊലയാളികൾ തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. അത്ര ലാഘവത്തോടെയാണ് പട്ടാപ്പകൽ ഒരു മണിയോടെ നഗരമധ്യത്തിലുള്ള ഒരു കടയിൽ കയറി നിമിഷ നേരം കൊണ്ട് ദൗത്യം പൂർത്തിയാക്കി അവർ മടങ്ങുന്നത്. മുഖത്തും തലയിലുമേറ്റ വെട്ടുകൾ കൃത്യമായും കൊല്ലാൻ വേണ്ടിയുള്ളത് തന്നെയായിരുന്നു എന്ന് ശ്രീനിവാസന്റെ മിനിട്ടുകൾക്കിടയിൽ നടന്ന മരണം ഉറപ്പാക്കുന്നുമുണ്ട്.

ഇതോടെ മധ്യകേരളം രാഷ്ട്രീയ സംഘർഷമേഖലായിത്തീരുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. മാസങ്ങൾക്ക് മുമ്പ് ആലപ്പുഴ ജില്ലയിലും ഇരു സംഘങ്ങളും ഏറ്റുമുട്ടി രണ്ട് കൊലപാതകൾ നടത്തിയിരുന്നു. മുധ്യകേരളത്തിലും മലബാർ ജില്ലകളിലും പോലീസ് സാന്നിദ്ധ്യം ശക്തിപ്പെടുത്താൻ ഡി ജി പി ഉത്തരവിട്ടിട്ടുണ്ട്. രാഷ്ട്രീയ ഹിന്ദുത്വ ശക്തികളും പൊളിറ്റിക്കൽ ഇസ്ലാം സംഘടനകളുമാണ് അപ്പുറത്തും ഇപ്പുറത്തുമായി കൊലപാതകങ്ങൾ നടത്തുന്നത്. ഏത് നിമിഷവും ഇത് വർഗ്ഗീയ സംഘർഷമായി വഴി തിരിയുമോ എന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. റംസാനിലെ ഒരു വെള്ളിയാഴ്ച ജുമാ നമസ്കാരം നിർവഹിച്ച് സ്വന്തം പിതാവിനോടൊപ്പം സ്കൂട്ടറിൽ മടങ്ങിവരുമ്പോൾ വിഷു ദിവസമാണ് ആദ്യ കൊലപാതകം ആർ എസ്സ് എസ്സ് നടത്തിയത്. അതിനുള്ള പ്രതികാരമെന്നോണം 24 മണിക്കൂറിനകം റംസാൻ മാസത്തിൽ മറുകൊല നടത്താൻ എസ് ഡി പി ഐക്ക് ഒരു പ്രയാസവുമുണ്ടായില്ല.

കൊലപാതകങ്ങൾക്ക് നേതൃത്വം നൽകുന്നവർ കത്തി താഴെയിട്ടാൽ തീരുന്ന പ്രശ്നങ്ങളേയുള്ളു കേരളത്തിൽ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്ഥാവനക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ശക്തമായി പ്രതികരിച്ചു. കൊലപാതകികൾ കത്തി താഴെയിടുന്നില്ലങ്കിൽ അത് ചെയ്യിക്കാൻ കഴിയാത്ത ആഭ്യന്തരവകുപ്പ് എന്തിനാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ പിണറായിവിജയൻ വ്യക്തമാക്കണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു. ആർ.എസ്സ്. എസ്സും എസ് ഡി പി ഐ യും മത്സരിച്ച് കൊല നടത്തുമ്പോൾ തടയുന്നതിന് പോലീസിന് പരിമിതിയുണ്ടെന്നും ആസൂത്രിത കൊലപാതകങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തിലെ അഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും സി പി എമ്മിന് വോട്ടു നൽകുന്ന എസ് ഡി പി ഐ യെ സംസ്ഥാന സർക്കാർ സഹായിക്കുന്നത് കൊണ്ടാണ് അവർക്ക് അനായാസം കൊലനടത്തി രക്ഷപ്പെടാൻ കഴിയുന്നതെന്നും ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുധാകരൻ ആരോപിച്ചു. ബി ജെ പി സംസ്ഥാന പ്രസിഡണ്ട് രണ്ട് ദിവസം മുമ്പ് പാലക്കാട് ജില്ലയിലെത്തിയതിനെ തുടർന്നാണ് കൊലപാതങ്ങൾ ആരംഭിച്ചത് എന്നത് ദുരൂഹമായിത്തുടരുകയാണെന്നും ഇതേക്കുറിച്ചും അന്വേഷിക്കണമെന്നും സി പി എം പലക്കാട് ജില്ലാ സെക്രട്ടറി ഇ എം സുരേഷ് ബാബു ആവശ്യപ്പെട്ടു. കേരളം തിരുവനന്തരം മുതൽ കാസർഗോഡ് വരെ കുറ്റവാളിയുടെ ഇടനാഴിയായി, പിണറായി ഭാണത്തിൽ മാറിയതിന്റെ പ്രത്യക്ഷ ഫലങ്ങളാണ് ഇപ്പോൾ കേരളം കണ്ട് കൊണ്ടിരിക്കുന്നതെന്ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രസ്ഥാവിച്ചു. തെരഞ്ഞെപ്പിൽ അപ്പുറവും ഇപ്പുറവും നിന്ന് സി പി എമ്മിനെ സഹായിക്കുന്ന ആർ എസ്സ് എസ്സിനേയും എസ് ഡി പി ഐയേയും നിയന്ത്രിക്കാൻ സർക്കാരിനാവില്ലെന്നും അവർ ആരോപിച്ചു. ആർ എസ്സ് എസ്സ്, എസ് ഡി പി ഐ യും നടത്തുന്ന രാഷ്ട്രീയ കൊലകൾ വർഗ്ഗീയ കലാപത്തിന് വഴി മരുന്നാകാതിരിക്കാൻ സർക്കാർ ജാഗ്രത കാണിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ഷാഫീ പറമ്പിലും ആവശ്യപ്പെട്ടു.

Comments
error: Content is protected !!