പാളം മുറിച്ചുകടക്കവേ വിദ്യാർത്ഥിനി റെയിൽവേ റിപ്പയർ വാൻ തട്ടി മരിച്ചു
കൊച്ചി: പാളം മുറിച്ചുകടക്കവേ വിദ്യാർത്ഥിനി റെയിൽവേ റിപ്പയർ വാൻ തട്ടി മരിച്ചു. അങ്കമാലി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. അങ്കമാലി പീച്ചാനിക്കാട് പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജന്‍ (21)ആണ് മരിച്ചത്.
ആലുവ ഭാഗത്ത് നിന്ന് ട്രെയിൻ വരുന്നത് കണ്ട് അടുത്ത ട്രാക്കിലേക്ക് നീങ്ങിനിൽക്കുകയായിരുന്നു അനു. ഇതിനിടെയിൽ ചാലക്കുടി ഭാഗത്ത് നിന്ന് ആലുവയിലേക്ക് പോവുകയായിരുന്നു റെയിൽവേ റിപ്പയർ വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ അനുവിന് ഇരുമ്പുകമ്പിയിൽ ഇടിച്ചുവീണ് ഗുരുതര പരിക്കേറ്റു.
അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളേജില്‍ ബി എസ് സി സുവോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അനു. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഇറങ്ങുന്ന വിദ്യാർത്ഥികൾ റെയിൽവേ ട്രാക്ക് മുറിച്ചുകടന്നാണ് സമീപത്തെ കോളേജുകളിലേക്ക് പോകുന്നത്. കുറച്ച് നാൾ മുൻപ് പ്രദേശത്ത് ഒരു വിദ്യാർത്ഥിനി ട്രെയിനിടിച്ച് മരിച്ചിരുന്നു.