പ്ലാസ്റ്റിക്: നിയമലംഘനം തുടർന്നാൽ 50,000 രൂപ പിഴ, ആദ്യ 15 ദിവസം ഇളവ്

തിരുവനന്തപുരം∙ സംസ്ഥാനത്തു പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നു. ആദ്യ 15 ദിവസത്തേക്കു പിഴ ഈടാക്കേണ്ടെന്നാണു തീരുമാനം. തുടർന്നു പിഴ വരും. 11 ഇനം പ്ലാസ്റ്റിക് വിഭാഗങ്ങൾക്കാണു നിരോധനമെന്നു ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.

 

നിരോധനം ഇവയ്ക്ക്:

 

പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ), പ്ലാസ്റ്റിക് ഷീറ്റ് (മേശയിൽ വിരിക്കാൻ ഉപയോഗിക്കുന്നത്), തെർമോക്കോൾ, സ്റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകളും കപ്പുകളും അലങ്കാര വസ്തുക്കളും, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, സ്പൂൺ, ഫോർക്ക്, സ്ട്രോ, ഡിഷുകൾ തുടങ്ങിയവ, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ, പേപ്പർ ബൗൾ, കോട്ടിങ് ഉള്ള പേപ്പർ ബാഗുകൾ, നോൺ വൂവൺ ബാഗുകൾ, പ്ലാസ്റ്റിക് കൊടികൾ, പ്ലാസ്റ്റിക് ബണ്ടിങ്, പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകൾ, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ, 500 മില്ലി ലീറ്ററിനു താഴെയുള്ള പെറ്റ് ബോട്ടിലുകൾ, പ്ലാസ്റ്റിക് ഗാർബേജ് ബാഗ്, പിവിസി ഫ്ലെക്സ് ഉൽപന്നങ്ങൾ, പ്ലാസ്റ്റിക് പാക്കറ്റുകൾ.
നിരോധിച്ച വസ്തുക്കൾക്കു പകരം ഉപയോഗിക്കാവുന്ന ഉൽപന്നങ്ങൾ വിപണിയിലിറക്കാൻ ഉൽപാദകരുമായി സർക്കാർ ചർച്ച നടത്തിയതായി ടോം ജോസ് അറിയിച്ചു.
കലക്ടർമാർ, സബ് കലക്ടർമാർ, തദ്ദേശ,ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥർ എന്നിവർക്കാണു നിരോധനം നടപ്പാക്കാനുള്ള ചുമതല. ആദ്യ നിയമലംഘനത്തിനു 10000 രൂപയും ആവർത്തിച്ചാൽ 25000 രൂപയും മൂന്നാം തവണയും ലംഘിച്ചാൽ 50000 രൂപയും പിഴ ഈടാക്കും. ഒപ്പം സ്ഥാപനത്തിന്റെ നിർമാണ– പ്രവർത്താനുമതി റദ്ദാക്കും.
എക്സ്റ്റെൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി പ്രകാരം നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായ ബ്രാൻഡഡ് പ്ലാസ്റ്റിക് വസ്തുക്കളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കി. ഇവയുടെ ഉൽപാദകർ, ഇറക്കുമതിക്കാർ, ബ്രാൻഡിന്റെ ഉടമസ്ഥർ എന്നിവർ തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി നീക്കം ചെയ്തു സംസ്‌കരിക്കണം.
അമ്പലപ്പുഴ പാൽപായസം ഇനിമുതൽ പരിസ്ഥിതി സൗഹൃദ കണ്ടെയ്നറിൽ
അമ്പലപ്പുഴ ∙ ശ്രീകൃഷ്ണക്ഷേത്രത്തിലെ നിവേദ്യമായ അമ്പലപ്പുഴ പാൽപായസം ഇന്നലെ മുതൽ പരിസ്ഥിതി സൗഹൃദ കണ്ടെയ്നറിൽ വിതരണം തുടങ്ങി. പുറത്തു പേപ്പറും അകത്തു നേരിയ അലുമിനിയം ആവരണവും ചെയ്തതാണ് കണ്ടെയ്നർ.
 ഇതിൽ നിറയ്ക്കുന്ന പായസം 12 മണിക്കൂർ വരെ കേടാവാതെ സൂക്ഷിക്കാനാകുമെന്നു ദേവസ്വം അധികൃതർ പറഞ്ഞു. ഒരു ലീറ്റർ‌, അര, ലീറ്റർ കണ്ടെയ്നറിനു പുറത്ത് ക്ഷേത്രത്തിന്റെ ചിത്രവും അമ്പലപ്പുഴ പാൽപായസം എന്നു മലയാളത്തിലും ഇംഗ്ലിഷിലും രേഖപ്പെടുത്തിയിട്ടുണ്ട്.
നിവേദിച്ച്, പാൽ‌പായസ വിതരണ കൗണ്ടറിൽ എത്തിക്കുന്ന പായസം തണുപ്പിച്ച ശേഷമാണു കണ്ടെയ്നറിൽ നിറയ്ക്കുന്നത്. സീൽ ചെയ്ത അടപ്പുമുണ്ട്. ചില സ്ഥാപനങ്ങൾ വ്യാജ പാൽപായസം തയാറാക്കി വിതരണം ചെയ്തതിനെ തുടർന്നാണ് ക്ഷേത്രത്തിന്റെ ലോഗോ തയാറാക്കി,  ദേവസ്വം ബോർഡ് കണ്ടെയ്നറിൽ വിതരണം തുടങ്ങിയത്. ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ജി. ബൈജു, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാലിനു നൽകി ഉദ്ഘാടനം ചെയ്തു.
Comments

COMMENTS

error: Content is protected !!