പാസഞ്ചറിന് പകരമാവാതെ മെമു
എന്‍ വി മുരളി
കണ്ണൂർ – കോയമ്പത്തൂർ പാസഞ്ചർ തീവണ്ടിക്ക് പകരമായി ഓടിത്തുടങ്ങിയ മെമു വണ്ടിയിൽ കാലുകുത്താനിടമില്ലാത്ത തിരക്ക്. കോവിഡ് കാലത്ത് റിസർവേഷൻ മാത്രമുള്ള വണ്ടിയായി ഓടിയ ശേഷം ഈയിടെയാണ് ടിക്കറ്റ് നിരക്കിൽ പാസഞ്ചറല്ലെങ്കിലും പതിനാലു കോച്ചോടു കൂടി കണ്ണൂർ – കോയമ്പത്തൂർ പാസഞ്ചർ വീണ്ടും പഴയതുപോലെ ഓടിത്തുടങ്ങിയത്.
പാസഞ്ചറിനു പകരം വന്ന മെമുവിന് 9 കോച്ചുകൾ മാത്രമാണുള്ളത്. കൗണ്ടറിൽ നിന്ന് ടിക്കറ്റെടുത്ത പല യാത്രക്കാർക്കും തിരക്കു കാരണം വണ്ടിയിൽ കയറിപ്പറ്റാനാവുന്നില്ല. വാതിലിന് ഡോർ ഇല്ലാത്തതും, വണ്ടി എടുത്ത ഉടൻ തന്നെ വേഗത വർധിക്കുന്നതും, മെമു വണ്ടികളുടെ പ്രത്യേകതയാണ്.
ഇതും പല യാത്രക്കാർക്കും ചിലപ്പോഴൊക്കെ പ്രയാസമുണ്ടാക്കുന്നുണ്ട്. നേരത്തെയുള്ള പാസഞ്ചറിൽ പതിനാല് മുതൽ പതിനാറ് കോച്ചുകളാണുണ്ടായിരുന്നത്. തീവണ്ടിയിലെ ശൗചാലയങ്ങളുടെ എണ്ണത്തിൻ്റെ കാര്യത്തിലും മെമു പാസഞ്ചറിനേക്കാൾ വളരെ പിന്നിലാണ്. പാസഞ്ചറിൽ ഓരോ കോച്ചിലും നാലു വീതം ശൗചാലയങ്ങളുള്ളപ്പോൾ മെമുവിൽ അത് രണ്ടു വീതം മാത്രമാണ്. പത്ത് വർഷം പഴക്കമുള്ള മെമുവാണ് ഇപ്പോൾ ഈ റൂട്ടിൽ ഓടിക്കുന്നത്. യാത്രക്കാരിൽ നിന്ന് വലിയ പ്രതിഷേധമുയരുമ്പോൾ ചില സമയങ്ങളിൽ പുതിയ മെമുവിൻ്റെ കോച്ചുകൾ ഇടുന്ന രീതിയാണ് റെയിൽവെ പിൻതുടരുന്നത്.
കാലത്ത് കണ്ണൂരിൽ നിന്ന് യാത്രയാരംഭിക്കുന്ന ഈ തീവണ്ടി ഒരു പാട് ജീവനക്കാർക്കും, പഴനി, മധുര ,ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് തീർത്ഥയാത്ര പോകുന്നവർക്കും വളരെ പ്രയോജനപ്രദമായ വണ്ടിയാണ്. വെള്ളറക്കാട്, ചേമഞ്ചേരി ,വെള്ളയിൽ തുടങ്ങിയ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരുന്ന തിനാൽ നഗരത്തിലെത്താതെ തന്നെ ആളുകൾക്ക് ഈ വണ്ടിയിൽ കയറാമായിരുന്നു.എന്നാൽ ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങൾ ഏതാണ്ടെല്ലാം ഒഴിവാക്കിയെങ്കിലും മേൽപ്പറഞ്ഞ സ്റ്റേഷനുകളിൽ പാസഞ്ചർ വണ്ടികൾ നിർത്തുന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല. രാത്രിയിൽ ഏഴു മണിയോടെ കോഴിക്കോട്ടെത്തുന്ന ഈ തീവണ്ടി പോയിക്കഴിഞ്ഞാൽ പിന്നെ വടക്കോട്ടുള്ള വണ്ടി ആലപ്പുഴ കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസാണ്. പലപ്പോഴും ഈ വണ്ടിയുടെ ഷൊർണൂരിനും , കണ്ണൂരിനം ഇടയിലെ യാത്ര പാളത്തിലെ പണിയുടെ പേരിൽ ഒഴിവാക്കുന്നത് പതിവാണ്. റെയിൽവെ യാത്രക്കാർ നേരിടുന്ന ഇത്തരം നിരവധിയായ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിലെത്തിക്കാൻ ബന്ധപ്പെട്ട ഭരണാധികാരികളും ജനപ്രതിനിധികളും തയ്യാറാകാത്തതിൽ യാത്രക്കാർക്ക് വലിയ പ്രതിഷേധമുണ്ട്.