പുതിയ കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കരനെൽ കൃഷിയിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി വടകര നഗരസഭയും കൃഷി ഭവനും
നെൽവയലുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നെല്ല് ഉൽപാദനത്തിന് ഒരു ബദൽ മാർഗ്ഗം എന്ന നിലയ്ക്കാണ് കരനെൽ കൃഷിക്ക് നഗരസഭയുടെ സഹായത്തോടെ വടകരയിലെ കർഷകർ തുടക്കം കുറിച്ചത്.
തൊഴിലുറപ്പ് പദ്ധതിയിലൂടെ കൂലി ചെലവ് നൽകിക്കൊണ്ടാണ് കരനെൽ കൃഷിക്ക് തുടക്കം കുറിച്ചത്. പ്രതീക്ഷിച്ചതിലും കൂടുതൽ വിളവാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകികൊണ്ടുള്ള പ്രവർത്തനവുമായി നഗരസഭ മുന്നിട്ടിറങ്ങിയപ്പോൾ തൊഴിലുറപ്പ് തൊഴിലാളികളും കൗൺസിലർമാരും ആവേശത്തോടെ അനുയോജ്യമായ തരിശുനിലങ്ങൾ കണ്ടെത്തുകയായിരുന്നു.
മണ്ണറിഞ്ഞു വിത്തിട്ടാൽ പൊൻ കതിർവിളയിക്കാം എന്നതിന് മികച്ച ഉദാഹരണമാണ് വാർഡ് 18ൽ 80സെന്റ് സ്ഥലത്ത് ഉമ ഇനത്തിൽപ്പെട്ട കരനെൽ കൃഷിയുടെ വിളവ്.
കൊയ്ത്തുത്സവം നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.കെ വനജ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ടി.വി ഹരിദാസൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വിജയി, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ നാരായണൻ, തൊഴിലുറപ്പ് പദ്ധതി ഓവർസിയർ ദിലീപ് എന്നിവർ സംസാരിച്ചു.