പുനരുപയോഗ വസ്തുക്കൾ ശേഖരിച്ച് ഗിവ് ഏന്റ് ടേക്ക് ഗ്രൂപ്പ്. കിടപ്പിലായ കുട്ടികളുടെ രക്ഷിതാക്കൾക്ക് റെഡിമെയ്ഡ് വസ്ത്രനിർമ്മാണ യൂനിറ്റ് തുടങ്ങാൻ സഹായം
ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് റിസോഴ്സ് സെന്റർ പരിധിയിലുള്ള കിടപ്പിലായ കുട്ടികളുടെ രക്ഷിതാക്കൾക്ക് റെഡിമെയ്ഡ് വസ്ത്രനിർമ്മാണ യൂണിറ്റ് തുടങ്ങാനാവശ്യമായ തയ്യൽ മെഷീൻ ഗിവ് എന്റ് ടേക്ക് ഗ്രൂപ്പ് സംഭാവനയായി നൽകി. എഴുത്തുകാരിയും ഗ്രൂപ്പംഗവുമായ ഹബീബയാണ് തയ്യിൽ മെഷീനുകൾ ഗ്രൂപ്പിലേക്ക് നൽകിയത്. ‘ആവശ്യങ്ങൾ ആപേക്ഷികമാണ്, എന്ന ആശയത്തോടെ തുടങ്ങിയതാണ് ഗിവ് ഏന്റ് ടെയ്ക്ക് ഗ്രൂപ്പ്. ആവശ്യങ്ങൾ കഴിഞ്ഞ, പുനരുപയോഗ സാധ്യതയുള്ള വസ്തുക്കളാണ് ഗ്രൂപ്പംഗങ്ങൾ ഏൽപ്പിക്കുന്നത്. സൈക്കിൾ, പുസ്തകങ്ങൾ, ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങളാണ് ഇങ്ങനെ ഗ്രൂപ്പിലേക്ക് വരുന്നത്.
സഹകരണ മനോഭാവം വളർത്തുന്നതോടൊപ്പം ഒരുൽപ്പന്നം പരമാവധി ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന പാരിസ്ഥിതിക ആനുകൂല്യങ്ങളുമാണ് ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നത് എന്ന് ഗ്രൂപ്പ് അഡ്മിനായി പ്രവർത്തിക്കുന്ന ഷാജൽ ബാലുശ്ശേരി കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു.