പുരാവസ്തു തട്ടിപ്പിലെ പണമിടപാട് കേസിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറസ്റ്റില്‍

പുരാവസ്തു തട്ടിപ്പിലെ പണമിടപാട് കേസിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറസ്റ്റില്‍. എട്ട് മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് ക്രൈബ്രാഞ്ച് സുധാകരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യമുള്ളതിനാൽ ക്രൈംബ്രാഞ്ച് ഉടൻ ജാമ്യത്തിൽ വിടും. അതേസമയം സുധാകരന്റെ അറസ്റ്റിനെതിരെ കരിദിനമാചരിക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം. ഇന്നും നാളെയും കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.

കേസിൽ ചോദ്യം ചെയ്യലിനായി സുധാകരൻ വെള്ളിയാഴ്ച കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായിരുന്നു. പരാതിക്കാർ മോൻസന് നൽകിയ 25 ലക്ഷം രൂപയിൽ പത്തുലക്ഷം കെ സുധാകരൻ കൈപ്പറ്റിയെന്ന് മോൺസന്റെ മുൻജീവനക്കാർ മൊഴി നൽകിയിരുന്നു. ഇത് സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. പരാതിക്കാരൻ തൃശൂർ സ്വദേശി അനൂപ് മുഹമ്മദിനെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാലും 50,000 രൂപയുടെ ബോണ്ടിൽ വിട്ടയക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.

എന്നാല്‍ അറസ്റ്റിനെ ഭയക്കുന്നില്ലെന്നായിരുന്നു സുധാകരൻറെ പ്രതികരണം. ഏറെ കടമ്പകൾ കടന്ന വ്യക്തിയാണ് താൻ. എല്ലാം രാഷ്ട്രീയ ആരോപണങ്ങളാണ്. ജീവിതത്തിൽ കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് താൻ. ആരെയും ദുരുപയോഗം ചെയ്തിട്ടില്ല, കടൽ താണ്ടിയ തന്നെ കയ് തോട് കാണിച്ച് ഭയപ്പെടുത്തേണ്ട- എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

Comments

COMMENTS

error: Content is protected !!