DISTRICT NEWS

‘പുലർകാലം’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്

കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യ ഉന്നമനവും ശാരീരിക വളർച്ചയും ലക്ഷ്യമിട്ട് ‘പുലർകാലം’ സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 75 വിദ്യാലയങ്ങളിലാണ് ഈ വർഷം പദ്ധതി ആരംഭിക്കുന്നത്. അടുത്ത വർഷത്തോടു കൂടി 117 വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. എട്ട് മുതൽ 12വരെ ക്ലാസ്സുകളിലുള്ള കുട്ടികളാണ് പദ്ധതിയുടെ ഭാഗമാവുക. 

പദ്ധതിയുടെ ഭാഗമായി യോഗ, മെഡിറ്റേഷൻ, എയറോബിക്സ് തുടങ്ങിയവയിലുള്ള പരിശീലനം ഈ വർഷം ആരംഭിക്കും. ഓരോ വിദ്യാലയത്തിലേക്കും ചുമതലക്കാരായ അധ്യാപകർക്ക് നിരന്തര പരിശീലനവും വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ മാസം തോറും പ്രഭാത ക്യാമ്പുകളും രണ്ടു മാസത്തിലൊരിക്കൽ ബ്ലോക്ക് തലത്തിൽ രണ്ടു ദിവസങ്ങളിലായി പ്രഭാത ക്യാമ്പുകളും നടത്തും.

പഠന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം.  വര്‍ഷത്തില്‍ 10 ദിവസം രാവിലെ ആറ് മുതല്‍ ഒൻപത് മണി വരെ നീളുന്ന ക്യാമ്പുകള്‍ നടത്തും. മോട്ടിവേഷണല്‍ ക്ലാസുകളും പ്രചോദനാത്മക വീഡിയോകളും ഇതിന്റെ ഭാഗമായി ഉണ്ടാവും. വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി വിദ്യാലയത്തില്‍ അധ്യാപകര്‍ പുലര്‍കാല പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കും.

ജില്ലാ തലത്തില്‍  പുലര്‍കാല കൂട്ടങ്ങളുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യും. ക്യാമ്പില്‍ മാനസിക ശാരീരിക ആരോഗ്യ രംഗത്തെ പ്രശസ്തര്‍ ക്ലാസ്സുകള്‍ നയിക്കുകയും പരിശീലനം നല്‍കുകയും ചെയ്യും. പദ്ധതിയില്‍ അംഗമാവുന്ന വിദ്യാര്‍ത്ഥികളുടെ മാനസിക, ശാരീരിക തല്‍സ്ഥിതി പഠനം നടത്തുകയും തുടര്‍ന്ന് ആറ് മാസം കൂടുമ്പോള്‍ കുട്ടികളില്‍ വരുന്ന മാറ്റങ്ങള്‍ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കുകയും ചെയ്യും. അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണപരമായ മാറ്റത്തിനും മുന്നേറ്റത്തിനും ഇടയാക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button