പൂക്കാട് ജുമാഅത്ത് പള്ളിക്കമ്മറ്റി സെക്രട്ടറി കുനിയിൽ ഹംസയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു
പൂക്കാട് ജുമാഅത്ത് പള്ളിക്കമ്മറ്റി സെക്രട്ടറി കുനിയിൽ ഹംസയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിലിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മറ്റിയുടെ രക്ഷാധികാരി കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീലയാണ്. സത്യനാഥൻ മാടഞ്ചേരിയാണ് കമ്മറ്റിയുടെ വൈസ് ചെയർമാൻ. പള്ളിക്കമ്മറ്റി ജോ. സെക്രട്ടറി മുഹമ്മദ് സാലിഹ് കൺവീനറും വി. വേണുഗോപാലൻ ജോ. കൺവീനറുമായ ഇരുപതംഗ ആക്ഷൻ കമ്മറ്റിക്കാണ് രൂപം നൽകിയത്.
അടുത്ത ദിവസം തന്നെ പൊലീസിൽ വിശദമായ പരാതി നൽകാനാണ് കമ്മറ്റി തീരുമാനം. സർവ്വകക്ഷി യോഗത്തിന് പിന്നാലെയാണ് ആക്ഷൻ കമ്മറ്റിക്ക് രൂപം നൽകിയത്. ഹംസയുടെ മരണത്തിൽ എല്ലാവരേയും പ്രയാസപ്പെടുത്തുന്ന എന്തോ ഒരു വിഷയമുണ്ടെന്നും അത് പുറത്ത് കൊണ്ടുവരുന്നതുവരെ കൂടെയുണ്ടാകുമെന്നും എം എൽ എ ഉറപ്പ് നൽകി.
അതിനിടെ വാർത്ത പുറത്തുവന്നതോടെ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പൂക്കാട് സ്വദേശിയായ കുനിയിൽ ഹംസ (56) ഒക്ടോബർ 8 നാണ് ജീവനൊടുക്കുന്നത്. രാവിലെ ആറരയ്ക്ക് പൊയിൽക്കാവ് ഗെയ്റ്റിന് സമീപം ട്രെയിന് മുന്നിൽ ചാടുകയായിരുന്നു. മുഹുയിദ്ധീൻ ജമാഅത്ത് പള്ളിക്കമ്മറ്റി സെക്രട്ടറിയായിരുന്ന ഹംസ പള്ളിപ്പറമ്പിന് തൊട്ടടുത്ത് വാടക സാധനങ്ങൾ നൽകുന്ന ഫ്രണ്ട്‌സ് ഹയർ ഗുഡ്സ് നടത്തിവരികയായിരുന്നു. ഹംസയുടെ മരണത്തിന് കാരണമായ മാനസിക പിരിമുറുക്കം സൃഷ്ടിച്ച് കൊല്ലാക്കൊല ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടെയും ആവശ്യം.