DISTRICT NEWS

പേരാമ്പ്രയിൽ ജൽ ജീവൻ മിഷന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക്

പേരാമ്പ്ര പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ജലവിതരണ ശൃംഖലയുടെ ചാർജിംഗ് പുരോഗമിക്കുകയാണ്. നിലവിൽ 4,057 ടാപ്പ് കണക്ഷനുകൾ നൽകി. ഇതിൽ 2500 ൽ അധികം വീടുകളിൽ വെള്ളമെത്തി. പെരുവണ്ണാമൂഴി ഡാമിനോട് ചേർന്നുള്ള ശുദ്ധീകരണ ശാലയിൽ നിന്നും പതിനാറ് കിലോമീറ്ററോളം വരുന്ന പ്രധാന ശുദ്ധജല വിതരണ പൈപ്പ് ലൈൻ വഴിയാണ് നിലവിൽ പേരാമ്പ്രയിലുള്ള ഏഴര ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നത്.

രണ്ടാം ഘട്ടത്തിൽ പഞ്ചായത്തിലെ ഭൂരിഭാഗം വീടുകളിലേക്കും വെള്ളം എത്തിക്കാനുള്ള 18 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിന്റെ നിർമ്മാണം ചേർമലയിൽ പുരോഗമിക്കുകയാണ്. ഉയർന്ന മേഖലകളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള ബൂസ്റ്റർ സ്റ്റേഷൻ പെരുവണ്ണാമൂഴിയിൽ നിർമ്മിക്കുന്നുണ്ട്. ഈ വർഷം ഡിസംബറോടുകൂടി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പേരാമ്പ്ര ചാനിയംക്കടവിൽ കെ.ആർ.എഫ്.ബി റോഡിന്റെ അനുമതി ലഭിച്ചാൽ കാലവർഷത്തിന് ശേഷം പൈപ്പ് ലൈൻ സ്ഥാപിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

ജൽ ജീവൻ മിഷൻ പദ്ധതി പൂർത്തിയാകുന്നതോടുകൂടി പഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാകും. ഭാവിയിലെ ജലദൗർലഭ്യത മുൻകൂട്ടി കണ്ട് കേന്ദ്ര-സംസഥാന സർക്കാരുകൾ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകാനാണ് ജൽ ജീവൻ മിഷൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കണക്ഷൻ ലഭിക്കാനായി ആധാർ കാർഡുമായി പഞ്ചായത്ത് ഓഫീസിനെയോ വാർഡ് മെമ്പറേയോ സമീപിച്ച്‌ അപേക്ഷ നൽകാം. അല്ലെങ്കിൽ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെടാം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button