ഭിന്നശേഷിക്കാർക്ക്‌ ചികിത്സ അരികെ ;ബ്ലോക്കുകൾ തോറും സിഡിഎംസികൾ

കോഴിക്കോട്‌:ഭിന്നശേഷിക്കാർക്ക്‌ പരിചരണവും ചികിത്സയും അരികെ എത്തിക്കുന്ന കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ്‌ സെന്റർ (സിഡിഎംസി)എല്ലാ ബ്ലോക്കുകളിലേക്കും വ്യാപിപ്പിക്കുന്നു. ‘എനേബ്‌ളിങ്‌  കോഴിക്കോട്‌’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ സേവനം. നിലവിൽ ആറിടങ്ങളിൽ സിഡിഎംസി പ്രവർത്തിക്കുന്നുണ്ട്‌. ശേഷിക്കുന്ന ആറിടങ്ങളിലും ഉടൻ നടപ്പാക്കും. 

ഓട്ടിസം, പഠന വൈകല്യം, പെരുമാറ്റ വൈകല്യം, സംസാരിക്കാനുള്ള ബുദ്ധിമുട്ട്‌, സെറിബ്രൽ പാൾസി തുടങ്ങിയ പ്രശ്‌നങ്ങൾക്കെല്ലാമുള്ള  കൗൺസലിങ്ങും ചികിത്സയുമാണ്‌ സിഡിഎംസികളിലുള്ളത്‌. ഇംഹാൻസ്‌, ബീച്ച്‌  ആശുപത്രി, ചേവായൂർ സിആർസി തുടങ്ങി ഭിന്നശേഷിക്കാർക്കായി നഗരത്തിലുള്ള കേന്ദ്രങ്ങളിൽ കുട്ടികളുമായി എത്താനുള്ള പ്രയാസം പരിഹരിക്കാനാണ്‌ പ്രാദേശിക കേന്ദ്രങ്ങൾ  ഒരുക്കുന്നത്‌. 18 വയസ്സ്‌ വരെയുള്ളവർക്കാണ്‌ ചികിത്സ.  
 ഒളവണ്ണ, നരിക്കുനി, കുന്നുമ്മൽ, കോടഞ്ചേരി, ഉള്ള്യേരി, ഓർക്കാട്ടേരി എന്നിവിടങ്ങളിലാണ്‌  കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററിനോട്‌ ചേർന്ന്‌ പ്രത്യേക കെട്ടിടങ്ങളിൽ സിഡിഎംസി പ്രവർത്തിക്കുക. കുന്നമംഗലം, മേലടി, പന്തലായനി, തോടന്നൂർ, തൂണേരി, പേരാമ്പ്ര ബ്ലോക്കുകളിൽ അടുത്ത ഘട്ടത്തിൽ കേന്ദ്രങ്ങൾ വരും.  പേരാമ്പ്രയിൽ ഉടൻ  തുടങ്ങും.  
ആറിടങ്ങളിലായി ഇതിനകം 1200ഓളം പേർ ചികിത്സതേടി. സ്‌പീച്ച്‌ തെറാപ്പി, ക്ലിനിക്കൽ സൈക്കോളജി, ഓഡിയോളജി, സ്‌പെഷ്യൽ എഡ്യുക്കേഷൻ, ഫിസിയോ തെറാപ്പി, റിഹാബിലിറ്റേഷൻ സൈക്കോളജി എന്നീ സേവനങ്ങളാണ്‌ ലഭിക്കുക. രാവിലെ ഒമ്പത്‌ മുതൽ നാലുവരെയാണ്‌ പ്രവർത്തനം. ജില്ലാ പഞ്ചായത്ത്‌, ജില്ലാ ഭരണകേന്ദ്രം, സാമൂഹ്യനീതി വകുപ്പ്‌ എന്നിവയുടെ നേതൃത്വത്തിലാണ്‌ എനേബ്‌ളിങ്‌  കോഴിക്കോട്‌ ആവിഷ്‌കരിച്ചത്‌.  സിഡിഎംസികളുടെ നടത്തിപ്പ്‌ ദേശീയ ആരോഗ്യമിഷനാണ്‌. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ചാണ്‌ പ്രവർത്തനം. ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി മറ്റ്‌ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ നടപടി  ആരംഭിച്ചു. 
Comments

COMMENTS

error: Content is protected !!