പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുന്നു

പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുന്നു. ക്രമാതീതമായി വില വര്‍ധിച്ച ജയ അരിയും വറ്റല്‍ മുളകും സപ്ലൈകോ വഴി വിപണിയിലെത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി ആന്ധ്രയില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് അരി അടക്കമുള്ള പത്ത് പലവ്യഞ്ജനങ്ങള്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.

ആന്ധ്രാപ്രദേശ് പൊതുവിതരണ വകുപ്പ് മന്ത്രി കെ വി നാഗരേശ്വര റാവുവും സംഘവും മന്ത്രി ജി ആര്‍ അനിലുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി ഇന്ന് കേരളത്തിലെത്തും. നാളെ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ജയ അരിയും ഗുണ്ടൂര്‍ വറ്റല്‍ മുളകും അടക്കമുള്ള പത്ത് സാധനങ്ങള്‍ നേരിട്ട് സംസ്ഥാനത്തിന് ലഭ്യമാക്കുന്നതില്‍ തീരുമാനമുണ്ടാകും.

ചെറുപയര്‍, കടല, വന്‍പയര്‍, ചുവന്ന പരിപ്പ്, വന്‍പയര്‍ വെള്ള, വറ്റല്‍ മുളക്, മല്ലി, പഞ്ചസാര, ജയ അരി, പിരിയന്‍ മുളക് എന്നിവ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. കേരളത്തിലെ മാവേലി സ്‌റ്റോറുകളുടെ മാതൃക ആന്ധ്രയില്‍ അവതരിപ്പിക്കുന്നതും ചര്‍ച്ചയാകും. അരി ലഭ്യത കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണമായി വിലയിരുത്തുന്നത്.

നവംബര്‍ മാസത്തില്‍ സംസ്ഥാനത്തെ നീല, വെള്ള വിഭാഗങ്ങളിലെ മുന്‍ഗണന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് കിലോ സ്‌പെഷ്യല്‍ അരി നല്‍കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആലോചിക്കുന്നുണ്ട്. സംസ്ഥാനത്തെ പൊതുവിപണിയിലെ അരി വില പിടിച്ചുനിര്‍ത്താന്‍ കൂടിയാണ് ഈ നീക്കം.

Comments

COMMENTS

error: Content is protected !!