Uncategorized

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നൽകിയാൽ 2500 രൂപ പാരിതോഷികം

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നൽകിയാൽ 2500 രൂപ പാരിതോഷികം നൽകും.  തദ്ദേശവകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഉത്തരവിറക്കിയത്.  തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25ശതമാനമോ പരമാവധി 2500 രൂപയോ ആണ് നൽകുക. 

 

മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയവയുടെ ചിത്രമോ വീഡിയോയോ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്. ഇതിനുള്ള പ്രത്യേക വാട്‌സ് ആപ്പ് നമ്പർ, ഇ മെയിൽ എന്നിവ അതത് തദ്ദേശ സ്ഥാപനങ്ങൾ ഉടൻ പരസ്യപ്പെടുത്തും. വിവരം നൽകുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കും.

വിവരം കൈമാറിയാൽ ഏഴ് ദിവസത്തിനകം തീർപ്പുണ്ടാക്കണം. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് പിഴ ഈടാക്കിയാൽ 30 ദിവസത്തിനകം വിവരം നൽകിയ ആളുടെ അക്കൗണ്ടിലേക്ക് ഓൺലൈനായി പാരിതോഷികം ട്രാൻസ്‌ഫർ ചെയ്യണം. ഇതുസംബന്ധിച്ച രജിസ്റ്റർ തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേകം സൂക്ഷിക്കണം. മൂന്ന് മാസത്തിലൊരിക്കൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രജിസ്റ്റർ പരിശോധിച്ച് പ്രിൻസിപ്പൽ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണം.

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ളാന്റ് വളപ്പിലെ തീപിടിത്തത്തെ തുട‌ർന്ന് സംസ്ഥാനത്ത് നടത്തുന്ന ‘മാലിന്യമുക്ത നവകേരളം’ പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. നാലു വ‍ർഷം മുമ്പ് സമാന രീതിയിൽ പാരിതോഷികം നൽകുന്നതിനായി സർക്കുലർ ഇറക്കിയിരുന്നെങ്കിലും നടപ്പായിരുന്നില്ല.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button