ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒരു കേസും അട്ടിമറിക്കപ്പെടില്ലെ, ആരെയും സംരക്ഷിക്കില്ല. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകും. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ തന്നെ നടപടി എടുക്കുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.

പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത് ആരോഗ്യ വകുപ്പാണ്. പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകും, കുറ്റക്കാരെ കണ്ടെത്തും. സര്‍ക്കാര്‍ ഹര്‍ഷിനക്കൊപ്പം എന്ന നിലപാടിനു മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. പ്രതികള്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നതില്‍ വിലക്കണം എന്ന് ഡിഎംഇ പറഞ്ഞിട്ടുണ്ടെന്നും ഐ സി യു പീഡനകേസില്‍ മന്ത്രി പ്രതികരിച്ചു.

കേസില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹര്‍ഷിനയെ പ്രസവശസത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് ആലോചന. നിയമവിദഗ്ധരുടെ കൂടി അഭിപ്രായം തേടിയിട്ടാകും നടപടി. എം ആര്‍ ഐ സ്‌കാനിംഗ് മെഷ്യന്‍ കമ്പനി പ്രതിനിധികളുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ഹര്‍ഷീന ആവശ്യപെട്ടത് പ്രകാരം കേസില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പൊലീസില്‍ നിന്ന് വീണ്ടും റിപ്പോര്‍ട്ട് തേടിയതായി മനുഷ്യവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ ബൈജുനാഥ് അറിയിച്ചു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടും പൊലീസിന്റെ കണ്ടെത്തലും പരിശോധിക്കുമെന്നും മനുഷ്യവകാശ കമ്മീഷന്‍ വ്യക്തമാക്കി. നടപടിക്രമങ്ങള്‍ വൈകുന്നതിനാലാണ് നീതി വൈകുന്നതെന്നും കെ ബൈജുനാഥ് ചൂണ്ടികാട്ടി. ഹര്‍ഷീന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി.

Comments

COMMENTS

error: Content is protected !!