പൊയിൽക്കാവ് ദുർഗ്ഗാ ഭവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി : പൊയിൽക്കാവ് ദുർഗ്ഗാ ഭവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. നൂറു കണക്കിന് ഭക്തജനങ്ങളുടെ ഭക്തി സാന്ദ്രമായ ശരണം വിളിയുടെ അന്തരീക്ഷത്തിൽ തന്ത്രി കരുമാരില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ചൊവ്വാഴ്ച രാത്രി 8 മണിയോടെ ആദ്യം പടിഞ്ഞാറെ കാവിലും തുടർന്ന് കിഴക്കെ കാവിലും കൊടിയേറി.

കൊടിയേറ്റത്തിന് ശേഷം ചേലിയ കഥകളി വിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ പരശുരാമനായി വേഷമിട്ട “സീതാസ്വയംവരം” കഥകളി ഏറെ ശ്രദ്ധേയമായി. മാർച്ച് 15ന് സംഗീതഞ്ജൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന സാംസ്കാരിക സമ്മേളനം, അന്നദാനം, കലാമണ്ഡലം ഹരി ഘോഷ് അവതരിപ്പിക്കുന്ന തായമ്പക, ഗർബ നൃത്താഞ്ജലി, തിരുവനന്തപുരം സൗപർണിക അവതരിപ്പിക്കുന്ന സാമൂഹ്യ നാടകം “ഇതിഹാസം”. 16ന് വിഷ്ണുപ്രസാദ് കാഞ്ഞിലശ്ശേരിയുടെ തായമ്പക, സിംഫണി ഓർക്കസ്ട്ര കൊച്ചിൻ ഒരുക്കുന്ന നൃത്ത സംഗീത നിശ.

17ന് ചെറിയ വിളക്ക് ദിവസം ആനച്ചമയ പ്രദർശനം, സമൂഹസദ്യ, പ്രശസ്ത ചിത്രകാരൻമാർ മഹോത്സവം എന്ന ശീർഷകത്തിൽ നടത്തുന്ന വർണ്ണാച്ചന, കാഞ്ഞിലശ്ശേരി വിനോദ് മാരാർ, അനുഗ്രഹ്സുധാകർ ,വൈശാഖ് സുധാകർ എന്നിവരൊരുക്കുന്ന തൃത്തായമ്പക, വടക്കൻസ് കണ്ണൂർ അവതരിപ്പിക്കുന്ന മാമാങ്കം നാടൻപാട്ടുപുര.18 ന് വലിയ വിളക്ക് ദിവസം ആനയൂട്ട്, രാവിലെ 10 മണി മുതൽ ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും ഗവേഷകരും പങ്കാളിത്തത്തിൽ എം എൽ എ കാനത്തിൽ ജമീലയുടെ അധ്യക്ഷതയിൽ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന “കാവ്സംരക്ഷണവും പരിസ്ഥിതിയും” സെമിനാർ, ആനച്ചമയ പ്രദർശനം, കിഴക്കെ കാവിൽ ഓട്ടൻതുള്ളൽ, പടിഞ്ഞാറെക്കാവിൽ ചാക്യാർകൂത്ത്, പള്ളിവേട്ട, വനമധ്യത്തിൽ പാണ്ടിമേളം, നാഗത്തിന് കൊടുക്കൽ, കുടവരവ്, പോരൂർ ഉണ്ണിക്കൃഷ്ണൻ, കൽപ്പാത്തി ബാലകൃഷ്ണൻ എന്നിവരുടെ ഇരട്ടത്തായമ്പക.

മാർച്ച് 19ന് രാവിലെ സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരം, വനമധ്യത്തിൽ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ മേളപ്രമാണത്തിൽ പാണ്ടിമേളം, പടിഞ്ഞാറെക്കാവിൽ കൊടിയിറക്കൽ, അന്നദാനം, ആഘോഷ വരവുകൾ, താലപ്പൊലി എഴുന്നള്ളിപ്പ്, ആലിൻ കീഴ്മേളം, ഡയനാമിറ്റ് ഡിസ്പ്ലേ ,വെടിക്കെട്ടുകൾ, കുമാരി കാവ്യ താരയുടെ തായമ്പക രുധിര കോലം എന്നിവ നടക്കും.20 ന് വൈകീട്ട് ഗുരുതിയോടെ ഉത്സവം സമാപിക്കും.

Comments
error: Content is protected !!