പൊലീസെന്ന വ്യാജേന യാത്രക്കാരനിൽനിന്ന് ഒന്നരക്കോടി തട്ടിയെടുത്തു; പ്രതികളെ സാഹസികമായി പിടികൂടി

തിരുനെല്ലി (വയനാട്): തിരുനെല്ലിയിൽ സ്വകാര്യ ബസ് തടഞ്ഞു നിർത്തി യാത്രക്കാരനിൽനിന്നു ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പൊലീസ് സാഹസികമായി പിടികൂടി. കർണാടകയിലെ മാണ്ഡ്യയിൽ നിന്നാണ് പ്രതികളെ മാനന്തവാടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വയനാട് സ്വദേശികളായ സുജിത്ത്, ജോബിഷ്, എറണാകുളം സ്വദേശി ശ്രീജിത്ത് വിജയൻ, കണ്ണൂർ സ്വദേശി സക്കീർ ഹുസൈൻ എന്നിവരാണ് പിടിയിലായത്. സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ തിരുനെല്ലി സി.ഐ പി.എൽ. ഷൈജുവിന് നേരെ കാർ കയറ്റിയിറക്കാൻ ശ്രമമുണ്ടായി. ഒക്ടോബർ അഞ്ചിന് പുലർച്ചെ നാലോടെയാണ് സംഘം കവർച്ച നടത്തിയത്. പൊലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ച് ഇന്നോവ കാറിലെത്തിയ ഏഴംഗ സംഘം ബസ് യാത്രക്കാരനായ തിരൂർ സ്വദേശിയിൽ നിന്നാണ് 1.40 കോടി രൂപ കവർന്നത്.

കാറിൽ വന്നവര്‍ കഞ്ചാവ് പിടികൂടാൻ വന്ന ഉദ്യോഗസ്ഥരാണെന്നാണ് മറ്റുള്ളവരോട് പറഞ്ഞത്. ബംഗളൂരുവില്‍നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു. തിരുനെല്ലി തെറ്റ് റോഡിന് സമീപത്ത് വെച്ചാണ് സംഘം ബസ് തടഞ്ഞ് നിര്‍ത്തിയത്. സംഘത്തെ കുറിച്ച്‌ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നു അന്വേഷണ സംഘം. ശനിയാഴ്ചയാണ് മാണ്ഡ്യയില്‍ വെച്ച് സംഘത്തെ പിടികൂടിയത്.

വെട്ടിച്ച് കടക്കാനുള്ള ശ്രമം പൊലീസ് സംഘം തടഞ്ഞു. സംഘം പൊലീസ് വലയം ഭേദിക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ വേഗത്തില്‍ പിന്നോട്ടെടുക്കുന്നതിനിടെയാണ് സി.ഐയുടെ ശരീരലത്തിലൂടെ കയറ്റിയിറക്കാൻ ശ്രമിച്ചത്. പ്രതികളില്‍നിന്നു അഞ്ചര ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കാറും മൊബൈല്‍ ഫോണുകളും മറ്റും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ രാത്രിയോടെ കല്‍പറ്റ കോടതിയില്‍ ഹാജരാക്കി. നേരത്തെ തോൽപ്പെട്ടി ചെക്പോസ്റ്റിൽ നിന്ന് എക്സൈസ് വകുപ്പ് പിടിച്ചെടുത്ത 50 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ അപ്രത്യക്ഷമായതായി പരാതി ഉയര്‍ന്നിരുന്നു.

Comments

COMMENTS

error: Content is protected !!