പൊലീസ് മർദനം: ആഞ്ഞടിച്ച് പ്രതിപക്ഷം

 

തിരുവനന്തപുരം∙ കസ്റ്റഡിക്കൊല നടന്ന നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ മറ്റൊരാൾക്കു കൂടി അതേ ദിവസങ്ങളിൽ ക്രൂരമർദനമേറ്റതു ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷം ആഞ്ഞടിച്ചു. എസ്പിയെ സംരക്ഷിക്കുന്നതു ലജ്ജാകരമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വാക്പോരിനൊടുവിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പിന്നെ ഇറങ്ങിപ്പോയി. മർദനമേറ്റതായി പരാതിപ്പെട്ട ഹക്കീമിന്റെ മൊഴി അടിസ്ഥാനമാക്കി രണ്ടു പൊലീസുകാർക്കെതിരെ അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

ഹക്കീമിനെയും പൊലീസ് മർദിച്ചവശനാക്കിയതു സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു ഷാഫി പറമ്പിലാണ് അടിയന്തരപ്രമേയ നോട്ടിസ് നൽകിയത്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ഷാഫി ആവശ്യപ്പെട്ടു. ലോക്കപ്പിന്റെ കമ്പി വളയുന്ന തരത്തിലുള്ള മർദനമാണു ഹക്കീമിനേറ്റതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആ കമ്പി ശരിയാക്കാൻ അയാളുടെ മാതാവിൽ നിന്ന് 4000 രൂപ വാങ്ങാൻ വരെ പൊലീസ് ശ്രമിച്ചു. ഇടുക്കിയിലെ സ്‌റ്റേഷനുകളിലെ കാര്യങ്ങൾ എസ്പി അറിയാതെയാണോ നടക്കുന്നത്? നെടുങ്കണ്ടത്തെ പൊലീസുകാർ തുടർച്ചയായി തെറ്റു ചെയ്യുന്നത് സംരക്ഷിക്കാൻ ജില്ലയിലെത്തന്നെ മന്ത്രി ഉള്ളതുകൊണ്ടാണോ? കുമാറിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനുമായി മന്ത്രി ദീർഘനേരം സംസാരിച്ചതിനെക്കുറിച്ച് അന്വേഷിക്കണം– രമേശ് ആവശ്യപ്പെട്ടു.

കുറ്റക്കാരായ ഒരാളെപ്പോലും സംരക്ഷിക്കില്ലെന്നു മുഖ്യമന്ത്രി മറുപടി നൽകി. പൊലീസിൽ എല്ലാക്കാലവും ചില തെറ്റായ പ്രവണതകളുണ്ട്. അത് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണു പരിശോധിക്കേണ്ടത്. മർദകവീരന്മാരെ സംരക്ഷിക്കുന്ന പാരമ്പര്യം പുലർത്തിയവരുണ്ടെന്നതു മറക്കരുത്. കസ്റ്റഡി മരണത്തിന്റെ പേരിൽ 3 പൊലീസുകാരെ പിരിച്ചുവിട്ടു. കുമാർ കൊല്ലപ്പെട്ട കേസിലും കുറ്റവാളികൾക്കു സർവീസിൽ തുടരാൻ കഴിയില്ല.

 

താൻ ആഭ്യന്തര മന്ത്രിയായിരിക്കെ കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതു ചെന്നിത്തല ഓർമിപ്പിച്ചു. ഈ കേസിലും അതിനു തയാറുണ്ടോയെന്ന വെല്ലുവിളിയോടു മുഖ്യമന്ത്രി പ്രതികരിച്ചില്ല. എം.കെ.മുനീർ, പി.ജെ.ജോസഫ്, അനൂപ് ജേക്കബ്, പി.സി.ജോർജ് എന്നിവരും പ്രതിഷേധിച്ചു
ആക്രോശിച്ച് അംഗങ്ങൾ; സ്പീക്കർ എഴുന്നേറ്റു
അടിയന്തരപ്രമേയ അവതരണാനുമതി തേടിയ ഷാഫി പറമ്പിലിന്റെ പ്രസംഗസമയം ചുരുക്കിയ സ്പീക്കറുടെ ഇടപെടലിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം. ഭരണപക്ഷവും മുൻനിരയിലേക്കു കുതിച്ചതോടെ സഭ വാക്പോരിൽ മുങ്ങി. ഷാഫിയോടു പ്രസംഗം ചുരുക്കാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർദേശിപ്പോൾ പ്രതിപക്ഷത്തിന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഭീഷണിപ്പെടുത്തേണ്ടെന്നു സ്പീക്കറും പ്രതികരിച്ചു. സ്പീക്കർ നിരന്തരം ആവശ്യപ്പെട്ടിട്ടും സീറ്റിലേക്കു മടങ്ങാതെ ഭരണ–പ്രതിപക്ഷങ്ങൾ ആക്രോശം തുടർന്നു. ഒടുവിൽ ചെയറിൽ നിന്ന് എഴുന്നേറ്റു നിന്നു സ്പീക്കർ റൂളിങ് നൽകിയപ്പോഴാണ് അംഗങ്ങൾ നടുത്തളത്തിൽ നിന്നു പോയത്.
Comments

COMMENTS

error: Content is protected !!