പോക്സോ കേസിൽ കസ്റ്റഡിയിലെടുക്കാൻ പൊലീസ് പിന്തുടർന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ജില്ല ക്രൈം ബ്രാഞ്ച് (സി -ബ്രാഞ്ച്) അന്വേഷണം തുടങ്ങി.
കോഴിക്കോട്: പോക്സോ കേസിൽ കസ്റ്റഡിയിലെടുക്കാൻ പൊലീസ് പിന്തുടർന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ജില്ല ക്രൈം ബ്രാഞ്ച് (സി -ബ്രാഞ്ച്) അന്വേഷണം തുടങ്ങി.
അസി. കമീഷണർ അനിൽ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. പൊലീസ് നടത്തിയ ഇൻക്വസ്റ്റിൽ ജിഷ്ണുവിന്റെ താടിയെല്ലിൽ ആഴത്തിൽ മുറിവേറ്റതിനൊപ്പം മൂക്കിൽനിന്നും കൂടുതൽ രക്തം പ്രവഹിച്ചതായും കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിലും തലക്ക് ഗുരുതര പരിക്കേറ്റതായി കണ്ടെത്തി. വാരിയെല്ലിനും ക്ഷതമേറ്റിട്ടുണ്ട്. ഇവയാണ് മരണത്തിൽ ദുരൂഹത ഉയർത്തുന്നത്.
ചെറുവണ്ണൂർ ബി.സി റോഡ് കമാന പാലത്തിനുസമീപത്തെ ചാത്തോത്ത് പറമ്പ് നാറാണത്ത് വീട്ടിൽ ജിഷ്ണു (27) ആണ് മരിച്ചത്. കൽപറ്റ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ കഴിഞ്ഞദിവസം ജിഷ്ണുവിനെ കസ്റ്റഡിയിലെടുക്കാൻ നല്ലളം സ്റ്റേഷനിലെ രണ്ടു പൊലീസുകാർ വീട്ടിലെത്തിയിരുന്നു. തുടർന്ന് അമ്മ ഗീതയുടെ സാന്നിധ്യത്തിൽ ജിഷ്ണുവിനെ മൊബൈലിൽ വിളിക്കുകയും കേസുള്ള വിവരം അറിയിക്കുകയുംചെയ്തു.
വൈകാതെ വീടിനടുത്തെത്തിയ ജിഷ്ണു പൊലീസ് ഉണ്ടെന്നറിഞ്ഞതോടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. പൊലീസ് തിരിച്ച് വാഹനത്തിനടുത്തേക്ക് പോകവെ വഴിയിൽ ജിഷ്ണുവിനെ കണ്ടു. പേരു ചോദിച്ചപ്പോൾ രാഹുലെന്നുപറഞ്ഞ് പൊലീസ് കൺവെട്ടത്തുനിന്ന് പെട്ടെന്ന് മറഞ്ഞു.
യുവാവ് ഓടിയതോടെ സംശയം തോന്നിയ പൊലീസ് പിന്നാലെ പോയെങ്കിലും കണ്ടില്ല. പ്രദേശത്തുള്ളവരോട് അന്വേഷിച്ചപ്പോൾ റെയിൽവേ ട്രാക്കിനടുത്തുള്ള വഴിയിലൂടെ യുവാവ് പോയതായി വിവരം കിട്ടി. പൊലീസ് ഈ വഴി പോയപ്പോൾ ജിഷ്ണുവിനെ അവശനിലയിൽ കണ്ടെത്തിയെന്നാണ് പറയുന്നത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തേ വിദേശത്തായിരുന്ന ജിഷ്ണു ഇപ്പോൾ നാട്ടിൽ ഇന്റീരിയർ ജോലിയായിരുന്നു.