പോക്‌സോ നിയമം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്
പോക്‌സോ നിയമം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. എസ്‌സിഇആര്‍ടി ആണ് ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. കുട്ടികള്‍ക്ക് എതിരായ ലൈംഗിക അതിക്രമത്തിനെതിരായ നിയമം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് പാഠഭാഗങ്ങളിൽ പോക്സോ ഉള്‍പ്പെടുത്തുന്നത്. പോക്സോ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയതിൻ്റെ അടിസ്ഥാനത്തിലാണ് ഈ നിയമം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയത്. 2024- 25 അധ്യയന വര്‍ഷത്തില്‍ ഒന്ന്, മൂന്ന്, അഞ്ച്, ആറ്, എട്ട്, ഒന്‍പത്, പതിനൊന്ന് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പോക്സോ നിയമത്തില്‍ അവബോധം നല്‍കുക. തുടര്‍ന്നുള്ള അധ്യയന വര്‍ഷം രണ്ട്, നാല്, എട്ട്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ കരിക്കുലത്തിലും പോക്സോ നിയമം ഉള്‍പ്പെടുത്തുമെന്നും എസ്‌സിഇആര്‍ടി ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി പാഠ്യപദ്ധതി പുതുക്കും. അധ്യാപകര്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചുവെന്നും എസ്‌സിഇആര്‍ടി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.