പോരൂ നമുക്ക് തോരായിക്കടവില്‍ച്ചെന്ന് രാപ്പാര്‍ക്കാം….
ഒന്ന് മിണ്ടിപ്പറഞ്ഞും കെട്ടിപ്പിടിച്ചും കുലുങ്ങിച്ചിരിച്ചും പ്രണയിച്ചും വിരഹിച്ചുമൊക്കെയാണല്ലോ മനുഷ്യന്‍ അവന്റെ വ്യക്തി ദുഖങ്ങള്‍ക്കവധി നല്‍കുക. പോയ വര്‍ഷം അതിനൊക്കെയുള്ള വിലക്കുകളുടേതായിരുന്നു. പുതുവര്‍ഷം മനുഷ്യന്റെ കൂടിച്ചേരലുകള്‍ക്കിടയില്‍ മുള്‍വേലികളായി ഉയര്‍ന്നു നില്‍ക്കുന്ന തടസ്സങ്ങളെ എടുത്തു മാറ്റി ആര്‍മാദിക്കാനും ഉല്ലസിക്കാനുമുള്ള അവസരങ്ങള്‍ കൊണ്ടുവരുമെന്ന് നമുക്കാശിക്കാം.
‘നിന്‍ പുരോ ഭാഗത്തതാ സൂര്യതേജസ്സാം നാളെ’ എന്നാണല്ലോ കവി വചനം.
ഈ കൊറോണക്കാലത്തും ഉല്ലസിക്കാന്‍ നിങ്ങളെ ക്ഷണിക്കുന്നുണ്ട് അകലാപ്പുഴയുടെ തീരങ്ങള്‍. തടാകസമാനമായ ജലാശയങ്ങള്‍, കണ്ടല്‍ വനങ്ങള്‍, തുരുത്തുകള്‍ പുഴ മത്സ്യവും ഞണ്ടും ചെമ്മീനും കടുക്കയും ഇരുന്തും നാടന്‍ കള്ളുമൊക്കെ ചേര്‍ന്ന ഭക്ഷണം. വെയിലും നിലാവും കുളിരും ഇവയൊരുമിച്ച് ഇണച്ചേര്‍ന്ന അകലാപ്പുഴയെ ആരാണിഷ്ടപ്പെടാത്തത്. മുറ്റത്തെ മുല്ലയെ ചവിട്ടിയരച്ച് അക്കരപ്പച്ചകള്‍ തേടിപ്പോകുന്ന നമ്മുടെ ഉള്‍നാടന്‍ സഞ്ചാരികള്‍ക്ക് ഇത്ര ചെലവു കുറച്ച് ഇത്രയേറെ ആനന്ദിക്കാന്‍ ഭൂമിയില്‍ മറ്റൊരിടം എവിടെ കിട്ടും? നാം ഇതുവരെ അവഗണിച്ച സാദ്ധ്യതകള്‍ തിരിച്ചറിയപ്പെടുന്നതിന്റെ തുടക്കമാവാം തോരായിക്കടവ് ബോട്ട് ക്ലബ്.
ചേമഞ്ചേരി അത്തോളി പഞ്ചായത്തുകള്‍ക്കിടയില്‍ തോരായിക്കടവിലെ സ്വര്‍ഗ്ഗസമാനമായ പ്രകൃതിയില്‍ വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ് തോരായിക്കടവ് ബോട്ട് ക്ലബ്, ഈ പുതുവത്സരത്തുടക്കത്തില്‍ ഉദ്ഘാടനം ചെയ്തത്. വലിയ യാത്രകള്‍ക്ക് അവസരമോ പാങ്ങോ ഇല്ലാത്ത സമീപ പ്രദേശങ്ങളിലെ സാധാരണ മനുഷ്യര്‍ക്ക് കുടുംബസമേതം പുതുവത്സരമാഘോഷിക്കാന്‍ ഇതൊക്കെ മതിയാവില്ലേ? . ഒരു തുടക്കമാകണം ഇത്. അകലാപ്പുഴയുടെ തടങ്ങളെ വിനോദ സഞ്ചാര സാദ്ധ്യതകള്‍ക്കായി ഉപയോഗിക്കുന്നതിന്റെ തുടക്കം. അത്താഴപ്പട്ടിണിക്കാരായ പുഴയോരവാസികള്‍ക്ക് ഉപജീവനത്തിന് മറ്റൊരു അവസരം കൂടി തുറന്നു നല്‍കുന്നതിന്റെ തുടക്കം.
പോരൂ, നമുക്കീ അകലാപ്പുഴത്തീരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം.
തോരായിക്കടവിലൂടെ ജീവിതത്തിന്റെ തുഴകളെറിഞ്ഞ് ഉല്ലസിക്കാം