പ്രചാരണത്തിന് ഇന്നു കൊട്ടിക്കലാശം; കോവിഡിനിടയിലും തളരാത്ത ആവേശം
കോഴിക്കോട്:മൂന്നാംഘട്ടത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്ന കോഴിക്കോട് ജില്ലയില്‍ ആവേശം പാരമ്യത്തില്‍. ഇന്നു വൈകിട്ട് പ്രചാരണത്തിനു കൊട്ടിക്കലാശം നടക്കാനിരിക്കെ വോട്ടുറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. കോവിഡ് ഭീഷണിക്കിടയിലും കൈമെയ് മറന്നുള്ള പ്രവര്‍ത്തനമാണെങ്ങും. തലങ്ങും വിലങ്ങും ഓടുന്ന പ്രചാരണ വാഹനങ്ങള്‍. മൂന്നാംവട്ടവും നാലാംവട്ടവുമെല്ലാം വീടുകയറി വോട്ട് സ്വന്തമാക്കാനുള്ള ശ്രമത്തില്‍ സ്‌ഥാനാര്‍ഥികളും സാധാരണ പ്രവര്‍ത്തകരും.
ജില്ലാ പഞ്ചായത്തിലേക്കും 70 ഗ്രാമപഞ്ചായത്തുകളിലേക്കും 12 ബ്‌ളോക്ക് പഞ്ചായത്തുകളിലേക്കും ഏഴു നഗരസഭകളിലേക്കും കോഴിക്കോട് കോര്‍പറേഷനിലേക്കുമാണ് 14-ന് ജില്ലയില്‍ തെരഞ്ഞെടുപ്പു നടക്കുന്നത്.ഇടതുപക്ഷത്തിന്റെ ശക്‌തികേന്ദ്രമെന്ന നിലയ്‌ക്കു സംസ്‌ഥാനത്ത് ശ്രദ്ധേയമായ ജില്ലകളില്‍ ഒന്നാണ് കോഴിക്കോട്. അതുകൊണ്ടു തന്നെ വീറും വാശിയും പ്രചാരണത്തില്‍ പ്രകടമായിരുന്നു.
പൊതുയോഗങ്ങളും ജാഥകളും തെരുവുയോഗങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചാണ് ഓരോ മുന്നണികളും സമ്മതിദായകരെ ആകര്‍ഷിച്ചത്. എല്ലാ മുന്നണികളുടെയും സമുന്നത നേതാക്കള്‍ പ്രചാരണത്തിന് ജില്ലയില്‍ എത്തിയിരുന്നു.