പ്രണയമെന്നത് ജീവനുമേലുള്ള അധികാരമല്ല. ജനാധിപത്യപരമാവണം – മുഖ്യമന്ത്രി

പ്രണയമെന്നത് മറ്റൊരാളുടെ ജീവനെടുക്കാനും അപായപ്പെടുത്താനുമുള്ള അധികാരരൂപമല്ലെന്ന് മുഖ്യമന്ത്രി. പ്രണയികളെയും ജനാധിപത്യപരമായ ജീവിത കാഴ്ചപ്പാടിലേക്ക്  ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നും  പിണറായി വിജയന്‍ പറഞ്ഞു. മലപ്പുറ പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസുമായി ബന്ധപ്പെട്ട നജീബ് കാന്തപുരം എംഎല്‍എയുടെ സബ്മിഷനു നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും നീതീകരിക്കാനാവാത്ത മൃഗീയമായ കൊലപാതകമാണ് നടന്നത്. ദുരഭിമാനകൊലകള്‍ പോലെ ശക്തമായി എതിര്‍ക്കപ്പെടേണ്ട ഒന്നാണ് പ്രണയ നൈരാശ്യത്തിൻ്റെ പേരിലുളള കൊലകളും ആക്രമണങ്ങളും. ഒരാള്‍ എങ്ങനെ ജീവിക്കണം, ആരോടൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവരവർക്കാണ്. അതിനെ മറികടന്ന് മറ്റൊരാളുടെ മേല്‍ തങ്ങളുടെ ഇംഗിതം അടിച്ചേല്‍പ്പിക്കുന്ന രീതി ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല.

പരസ്പര സമ്മതത്തോടെ രൂപപ്പെടേണ്ടതാണ് ബന്ധങ്ങൾ. ഇവയെ കൊലപാതകങ്ങളില്‍ എത്തിക്കുന്ന പ്രവണതകളെ ചെറുക്കാനുള്ള എല്ലാ നടപടികളും നമുക്ക് സ്വീകരിക്കാനാവണം. അതോടൊപ്പം ഇത്തരം ചെയ്തികള്‍ ചെയ്യുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. അത്തരക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയെന്നതും പ്രധാനമാണ്.

Comments

COMMENTS

error: Content is protected !!