AGRICULTURE

പ്രതിസന്ധിയില്‍ തളരാതെ ക്ഷീര മേഖല കുതിപ്പിലേയ്ക്ക്്, പാല്‍സംഭരണത്തില്‍ 11% വര്‍ദ്ധന

കഴിഞ്ഞവര്‍ഷത്തെ പ്രളയ നാശനഷ്ടങ്ങളെ പൊരുതി തോല്‍പ്പിച്ച് മുന്നേറുകയാണ് ക്ഷീരവികസന മേഖല. ജില്ലയില്‍ 253 ക്ഷീര സംഘങ്ങളില്‍ നിന്നായി 2017-18 വര്‍ഷത്തില്‍  പ്രതിദിനം 1,06,080 ലിറ്റര്‍ പാലാണ് സംഭരിച്ചിരുന്നത്. എന്നാല്‍ 2018-19 വര്‍ഷത്തില്‍ പ്രതിദിന പാല്‍ സംഭരണം 1,18,200 ലിറ്ററായി ഉയര്‍ന്ന് 11% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.  ഇതുവഴി പ്രതിവര്‍ഷം 152 കോടി രൂപ ഗ്രാമീണ മേഖലയിലേക്കെത്തുന്നു. ജില്ലില്‍ ഉണ്ടായ നിപ വൈറസ് ബാധ, ഉരുള്‍പ്പെട്ടല്‍, പ്രളയം എന്നീ പ്രതികൂല സാഹചര്യത്തിലാണ് ഈ വര്‍ദ്ധനവ്  ക്ഷീരോത്പാദന മേഖല കൈവരിച്ചിരിക്കുന്നത്.   4.98 കോടി രൂപയുടെ ധനസഹായമാണ് വകുപ്പ് നേരിട്ട് ക്ഷീരമേഖലയുടെ വികസനത്തിനായി ചെലവഴിച്ചത്.
                       ക്ഷീര വികസന വകുപ്പിന്റെ പദ്ധതികളുടെ ഭാഗമായി 469 ഉരുക്കളെയാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും കഴിഞ്ഞ വര്‍ഷം ജില്ലയില്‍ എത്തിച്ചത്.  ത്രിതല പഞ്ചായത്ത് വഴി 10.65 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കിയത്.  ഇതില്‍ 835.32 ലക്ഷം രൂപ ക്ഷീര സഹകരണ സംഘത്തില്‍ എത്തുന്ന പാലിന് ലിറ്ററിന് 4 രൂപ തോതില്‍ ഇന്‍സെന്റീവ് എന്ന നിലയില്‍  വിതരണം ചെയ്യുകയും ചെയ്തു. 25073 കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ തുക നേരിട്ടെത്തിയത്.   60.75  ലക്ഷം രൂപയുടെ സബ്സിഡിയോടുകൂടി 3 കോടി 87 ലക്ഷം രൂപ ചെലവഴിച്ച് 703 ഉരുക്കളെ ഗ്രാമപഞ്ചായത്ത് വഴി തെരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനും വകുപ്പിന് സാധിച്ചു.
               മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായി പശുക്കള്‍, തൊഴുത്ത്, കറവ യന്ത്രം ഉള്‍പ്പടെയുള്ളവ വാങ്ങുന്നതിനായി 2.65 കോടി രൂപയാണ് വകുപ്പ് മുഖാന്തിരം വിതരണം ചെയ്തത്. 1300 ല്‍ അധികം കര്‍ഷകര്‍ക്ക് 200 ഹെക്ടര്‍ സ്ഥലത്ത് തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിനായി 45.7 ലക്ഷം രൂപയുടെ  ധനസഹായമാണ് കഴിഞ്ഞ വര്‍ഷം നല്‍കിയത്. ഇരുപതോ അതിലധികമോ കൃഷി ഭൂമിയുള്ളവര്‍ക്ക് സബ്സിഡിയോടെ കൃഷി ചെയ്യാനുള്ള സഹായമാണ് ജില്ലാ ക്ഷീരവികസന ഓഫീസ് മുന്‍കൈയ്യെടുത്ത് നല്‍കിയത്.
              ക്ഷീരസഹകരണ സംഘങ്ങള്‍ക്കുള്ള ധനസഹായമായി 1.52 കോടി രൂപയാണ് വിതരണം ചെയ്തത്. പാല്‍ഗുണ നിലവാര ബോധവല്‍കരണ പരിപാടികള്‍, സെമിനാറുകള്‍ എന്നിവയും വകുപ്പ് നടത്തി വരുന്നു.
                        സംസ്ഥാന സര്‍ക്കാരിന്റെ  കൃത്യമായ ഇടപെടലും   ത്രിതല പഞ്ചായത്തുകളുടെ സഹായ സഹകരണവുമാണ് ക്ഷീരമേഖലയുടെ വികസനത്തിന്്് ആക്കം കൂട്ടിയതെന്ന് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ എം.ശോഭന പറഞ്ഞു.  ക്ഷീര സംഘങ്ങളുടെ നിസ്തൂലമായ   സേവനവും, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് ഏജന്‍സികളായ മില്‍മ, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെയും കൂട്ടായ പ്രവര്‍ത്തനവും തുണയായി.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button