DISTRICT NEWS

പ്രമുഖ തെയ്യം തിറയാട്ട കലാകാരന്‍ മുരളീധരന്‍ ചേമഞ്ചേരി ശബരിമലയാത്രക്കിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു


കൊയിലാണ്ടി: പ്രമുഖ തെയ്യം തിറയാട്ട കലാകാരന്‍ മുരളീധരന്‍ ചേമഞ്ചേരി(48)ശബരിമലയാത്രക്കിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ പമ്പയില്‍ നിന്ന് സന്നിധാനത്തിലേക്കുളള മലകയറ്റത്തിനിടയില്‍ അപ്പാച്ചിമേട്ടിലെത്തിയപ്പോള്‍ നെഞ്ചുവേദന ഉണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ പമ്പയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് മുതദേഹം പത്തനം തിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പൂക്കാട് മൗനഗുരു സമാധി മഠത്തില്‍ നിന്ന് കെട്ട് നിറച്ചാണ് മുരളീധരന്‍ ഉള്‍പ്പടെയുളള 13 അംഗ സംഘം തിങ്കളാഴ്ച ശബരിമലയിലേക്ക് പോയത്.
നിരവധി ക്ഷേത്രങ്ങളിലും കാവുകളിലും തെയ്യവും തിറയാട്ടവും അവതരിപ്പിച്ച കലാകാരനാണ് മുരളീ.ധരന്‍.തബല,ഗഞ്ചിറ,ചെണ്ട,മദ്ദളം തുടങ്ങി നിരവധി വാദ്യോപകരണങ്ങള്‍ വാദനം ചെയ്യുമായിരുന്നു. കഴിഞ്ഞ വര്‍ഷം ചേമഞ്ചേരി അരിക്കിലാടത്ത് ഭദ്രകാളി ക്ഷേത്രം പട്ടും വളയും നല്‍കി ആദരിച്ചിരുന്നു. ഭഗവതി,അഗ്നി ഘണ്ടാകര്‍ണ്ണന്‍,ഗുളികന്‍ എന്നി തെയ്യങ്ങള്‍ തന്മയത്തത്തോടെ കെട്ടിയാടുമായിരുന്നു. പതിനെട്ട് വര്‍ഷത്തോളമായി ഓണക്കാലത്ത് മാവേലി വേഷം ധരിച്ചും മുരളിധരന്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തും.

1974 മെയ് 21 ന് പരേതനായ നാണുവിന്റെയും ശാന്തയുടെയും മകനായി ജനിച്ചു. കഴിഞ്ഞ 37 വര്‍ഷമായി നാടോടി, ക്ലാസിക്കല്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്ന വിവിധ കലാരൂപങ്ങളില്‍ സജീവമായി ഇടപെടുന്നു. ശിവദാസ് ചേമഞ്ചേരി, സുകുമാരന്‍ ഭാഗവതര്‍ ശിവശങ്കര മാരാര്‍, ബാബു കാഞ്ഞിലശ്ശേരി എന്നിവരാണ് ഗുരുക്കള്‍. പുരോഗമന കലാ സാഹിത്യ സംഘം അംഗവും ചേമഞ്ചേരിയിലെ കലാകാരന്‍മാരുടെ കൂട്ടായ്മയായ നന്മയുടെ യൂണിറ്റ് സെക്രട്ടറിയുമാണ്. മാതൃഭൂമി സ്റ്റഡി സര്‍ക്കിളിന്റെ ”കലാപ്രതിഭ” അവാര്‍ഡ്, ”ബോംബെ ഓള്‍ മലയാളി കലാപ്രതിഭ പുരസ്‌കാരം”, റോട്ടറി ”രാമായണപാരായണ കലാരത്‌നം” തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഭാര്യ: വിജിത.മകള്‍: വേദ ലക്ഷ്മിയെ കൂടാതെ പേരിടാത്ത നാല് മാസം പ്രായമായ കുട്ടിയുമുണ്ട്.
സഹോദരന്‍: : ഉണ്ണികൃഷ്ണന്റീന(ചെന്നൈ),റീജ.
മൃതദേഹം ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ പൂക്കാട് എത്തും. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ നടക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button